Stale Food Seized Kannur| ഓണം സ്‌പെഷ്യൽ ഡ്രൈവ് ; കണ്ണൂരിൽ വൻകിട ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി - health department
🎬 Watch Now: Feature Video
കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ വൻകിട ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കണ്ണൂരിലെ ഹോട്ടലുകളിൽ കോർപ്പറേഷന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. കണ്ണൂർ കൊയിലി ആശുപത്രിക്ക് സമീപമുള്ള ഹോട്ട് പോട്ട്, താവക്കര റോഡിലെ ഫുഡ് വേ, ശ്രീചന്ദ് ആശുപത്രിക്ക് സമീപമുള്ള കഫേ മേസൂൺ, താളിക്കാവ് റോഡിലെ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ എന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒന്നും രണ്ടും ദിവസം പഴക്കമുള്ള ഭക്ഷണമാണ് അധികൃതർ ഇവിടെ നിന്ന് പിടിച്ചെടുത്തത്. പഴകിയ ബീഫ്, ചിക്കൻ, മട്ടൻ, അൽഫാം, മീൻ, ബിരിയാണി, ന്യൂഡിൽസ്, എണ്ണ എന്നിവ പിടികൂടിയതിൽ ഉണ്ട്. കണ്ണൂർ കോർപറേഷൻ ക്ലീൻസിറ്റി മാനേജൻ പി.പി.ബൈജു, ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ സി.ഹംസ, സി.ആർ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് റെയ്‌ഡ് നടന്നത്. ഭക്ഷ്യ സുരക്ഷ അട്ടിമറിച്ച് നടത്തുന്ന ഇത്തരം കേസുകൾക്ക് ചെറിയ ഫൈൻ അടച്ചാൽ തടി ഊരാൻ പറ്റുന്ന വിഷയമായതിനാൽ പല ഹോട്ടലുകളും നിരന്തരമായി അത് ആവർത്തിക്കുകയാണ് എന്ന് ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും പറഞ്ഞു.