ഓടിക്കൊണ്ടിരിക്കെ ടിപ്പറിന്‍റെ ക്യാബിന്‍റെയുള്ളില്‍ പാമ്പ് ; നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി - ലോറിയുടെ ക്യാബിന്‍റെയുള്ളിൽ പാമ്പ്
🎬 Watch Now: Feature Video
കോട്ടയം : ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ ക്യാബിനിനുള്ളിൽ പാമ്പിനെ കണ്ടതോടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. കോട്ടയത്തെ പിണ്ണാക്കനാട് പൈക റൂട്ടിൽ മല്ലികശേരിക്ക് സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വിളക്കുമാടത്തുനിന്നും മല്ലികശേരിയിലേക്ക് വീട് നിർമാണത്തിനുള്ള പാറപ്പൊടിയുമായി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ച ഡ്രൈവർ തോമസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഗിയർ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ലിവറിന് സമീപം പാമ്പിനെ കണ്ടത്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതോടെ ഡ്രൈവറുടെ വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്ന പാറപ്പൊടി റോഡിൽ ചിതറിയതോടെ പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസവും നേരിട്ടു. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്ത പ്രദേശത്ത് നിന്ന് ക്രെയിൻ എത്തിച്ച ശേഷമാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസംഗത്തിനിടെ സദസിൽ ഇഴജന്തുവിനെ കണ്ടത് കഴിഞ്ഞ ദിവസം ആശങ്കപരത്തിയിരുന്നു. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്‍റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ഇതിനിടെ സദസിൽ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത് ഇഴജന്തുവിനെ കണ്ടു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറയുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങളെന്നതാണ് കൗതുകകരം. ഒടുവിൽ അത് സദസിന് പുറത്തേക്ക് ഇഴഞ്ഞ് നീങ്ങിയപ്പോഴാണ് രംഗം ശാന്തമായത്.