ഷോക്കേറ്റത് ജീവിതത്തിന്; വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റി സ്ഥാപിക്കവെ ഷോക്കേറ്റ് കിടപ്പിലായി, കൈയൊഴിഞ്ഞ് നിര്‍മാണ കമ്പനി

🎬 Watch Now: Feature Video

thumbnail

കാസർകോട്: ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തിക്കായെത്തിയ തിരുവനന്തപുരം സ്വദേശി ഷാജി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസമായി. വൈദ്യുതി പോസ്‌റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിക്കായാണ് ഷാജി കാസർകോട് എത്തിയത്. നിർമാണ പ്രവൃത്തിക്കിടെ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലായ തൊഴിലാളിയെ കരാർ കമ്പനി കൈയൊഴിഞ്ഞതോടെ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് കുടുംബം.

നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് ഉപകരാറെടുത്ത് പ്രവർത്തിക്കുന്ന പ്രയാൺ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലായിരുന്നു ഷാജിയുടെ ജോലി. വൈദ്യുതി പോസ്‌റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്കിടെ ഡിസംബർ ആറാം തീയതിയാണ് അണങ്കൂരിൽ വച്ച് ഷാജി ഉൾപ്പടെ മൂന്ന് തൊഴിലാളികൾക്ക് വൈദ്യുതാഘാതമേറ്റത്. കാലിനും തലയിലും ഗുരുതരമായി പരുക്കേറ്റ ഷാജി കിടപ്പിലായി. ഇതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു.

കരാർ കമ്പനി ഉദ്യോഗസ്ഥർ നൽകിയ തെറ്റായ നിർദേശത്തെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ഷാജിയുടെ പരാതി. എന്നിട്ടും കമ്പനി ചികിത്സയ്ക്കാവശ്യമായ യാതൊരു സഹായവും ചെയ്തില്ലെന്നും ഷാജി പറയുന്നു. തലയിൽ രക്തം കട്ടപിടിക്കുന്നതിനാൽ വീണ്ടും വിദഗ്‌ദ ചികിത്സ ആവശ്യമാണ്. സ്‌കാനിങിന് പോലും പണമില്ലാത്ത അവസ്ഥ.  ഭാര്യയുടെ മാത്രം ആശ്രയത്തിൽ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഷാജിക്ക് ഇനിയൊരു സാമ്പത്തിക ഭാരം താങ്ങാൻ ശേഷിയുമില്ല. ഭക്ഷണത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നുവെന്നും ഷാജി പറയുന്നു. എന്നാല്‍ ഒത്തുതീർപ്പിന് ശ്രമിച്ചതല്ലാതെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് മറ്റൊരു നടപടി ഉണ്ടായിട്ടില്ലെന്നും ഈ കുടുംബം ആരോപിക്കുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.