'എരുമേലി വിമാനത്താവളം പ്രാഥമിക നടപടികൾ അന്തിമഘട്ടത്തില്‍'; ജനങ്ങളുടെ ഭാഗം കേട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എംഎല്‍എ - Sebastian Kulathunkal mla on erumely airport
🎬 Watch Now: Feature Video
കോട്ടയം : എരുമേലി വിമാനത്താവളം (ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്) യാഥാർഥ്യമാക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടെ 2,570 ഏരിയയാണ് എരുമേലി എയർപോർട്ടിന്‍റെ ഭാഗമായി വരിക. സർക്കാർ ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് എന്ന ഏജൻസിയാണ് സാമൂഹ്യ ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ലാൻഡ് അക്വസിഷന്‍ റീഹാബിലിറ്റേഷന്‍ ആൻഡ് റീസെറ്റിൽമെന്‍റ് ആക്‌ട് 2013 സെക്ഷൻ 4(1) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിച്ച ശേഷമാണ് ഏജൻസി പഠനം നടത്തിയത്. മെയ് 12നാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പ്രകാരം സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന 300ലധികം ആളുകളുടെ ഭാഗം കേൾക്കുന്നതിന് വേണ്ടി ജൂൺ 12,13 തിയതികളിൽ ഏജൻസി പബ്ലിക് ഹിയറിങ് നടത്തും. എരുമേലി റോട്ടറി ഹാളിൽ വച്ചാണ് ഹിയറിങ് നടത്തുക.
ജനങ്ങളുടെ ഭാഗം കൂടി കേട്ടതിന് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് പുനരധിവാസ പാക്കേജ് അടക്കം ശുപാർശ ചെയ്യുന്നതിന് സോഷ്യോളജിസ്റ്റുകൾ, റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെടുന്ന എക്സ്പേർട്ട് കമ്മിറ്റിയെ നിയോഗിക്കും. ഈ എക്‌സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
മധ്യതിരുവിതാംകൂറിന്‍റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതാണ് നിർദിഷ്‌ട വിമാനത്താവളം. ശബരിമല തീർഥാടനത്തിന് വലിയ തോതിൽ ഇത് സഹായകരമാകും. എരുമേലി, അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം പിടിക്കാനും ഇതിലൂടെ കഴിയും. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കും വിദേശ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്കും ഈ എയർപോർട്ട് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും എംഎൽഎ പറഞ്ഞു.
കുമരകം, വാഗമൺ, തേക്കടി ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആഭ്യന്തര - വിദേശ ടൂറിസ്റ്റുകൾക്കും ഈ എയർപോർട്ട് ഉപകാരപ്പെടും. ടൂറിസം മേഖലക്കും ഇതിലൂടെ വലിയ ഉണർവ് ഉണ്ടാകും. മുണ്ടക്കയം - കൂട്ടിക്കൽ - എന്തായാർ - വാഗമൺ റോഡ് പൂർത്തീകരിക്കുന്നതോടെ എയർപോർട്ടിൽ നിന്നും 28 കിലോമീറ്റർ ദൂരത്തിൽ വാഗമണ്ണിൽ എത്തിച്ചേരുന്നതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തിന്‍റെ തീർഥാടക, ടൂറിസം മേഖലയ്ക്ക് സഹായകരമാകുന്നത് കൂടാതെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും അതുവഴി എരുമേലിക്കും പരിസര പ്രദേശങ്ങൾക്കും വലിയ വ്യാപാര - സാമ്പത്തിക അഭിവൃദ്ധിക്കും എയർപോർട്ട് ഇടവരുത്തും. ഈ പ്രാധാന്യങ്ങളെല്ലാം ഉൾക്കൊണ്ട് ജനങ്ങൾ വിമാനത്താവളത്തിനെ സ്വാഗതം ചെയ്യുകയാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.