തെരുവുനായ നിയന്ത്രണത്തിന്‍റെ പേരിൽ നടക്കുന്നത് കോടികളുടെ അഴിമതി : സജി മഞ്ഞക്കടമ്പിൽ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
കോട്ടയം : തെരുവുനായ കടിച്ച് കണ്ണൂരിൽ ഒരു കുട്ടി മരിക്കാൻ ഇടയായ ദാരുണ സംഭവം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. തെരുവുനായ നിയന്ത്രണത്തിൽ സർക്കാരിന്‍റെ കെടുകാര്യസ്ഥയുടെ ഇരയാണ് കണ്ണൂരിൽ മരിച്ച കുട്ടി. കേരളത്തിൽ തെരുവുനായ ആക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. സർക്കാർ അലംഭാവം അവസാനിപ്പിച്ച് തെരുവുനായ നിർമാർജനത്തിന് നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ത്രിതല പഞ്ചായത്തുകള്‍ എബിസി പ്രോഗ്രാം നടത്തുമെന്നും തെരുവുനായ്ക്കളെ അടച്ചിട്ട് സംരക്ഷിക്കുമെന്നും ഉള്ള പ്രഖ്യാപനം പാഴ് വാക്കായി. ഇതിന്‍റെ പേരിൽ കോടികളുടെ അഴിമതി മാത്രമാണ് നടക്കുന്നത്.
സർക്കാർ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കേരളത്തിലെ പൊതുജനങ്ങൾ ഇവയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയാണ് വേണ്ടതെന്നും സജി അഭിപ്രായപ്പെട്ടു.
അതേസമയം, തെരുവുനായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മുഴുപ്പിലങ്ങാട്ടെ നിഷാല്‍ നൗഷാദിന്‍റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കെട്ടിനകത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് കെട്ടിനകം പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം ഖബറടക്കി. രാഷ്‌ട്രീയ, സാമൂഹിക മേഖലകളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിനാളുകളാണ് നിഹാലിന് അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രി വി എന്‍ വാസവന്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ എന്നിവരും നിഹാലിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.