'ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത നേതാവ്'; പുതുപ്പള്ളിയിലെത്തി കല്ലറ സന്ദർശിച്ച് സച്ചിൻ പൈലറ്റ് - പുതുപ്പള്ളിയിലെത്തി സച്ചിൻ പൈലറ്റ്
🎬 Watch Now: Feature Video
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സച്ചിൻ പൈലറ്റ് പുതുപ്പള്ളിയിൽ എത്തിയത്.
കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്‌ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് പറഞ്ഞ സച്ചിൻ പൈലറ്റ്, അദ്ദേഹം ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന്‍റേയും കരുതലിന്‍റേയും പ്രതിഫലമാണ് വിലാപയാത്രയിൽ കണ്ടതെന്നും വ്യക്‌തമാക്കി.
ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയേയും, മക്കളായ ചാണ്ടി ഉമ്മനേയും, മറിയം ഉമ്മനേയും കണ്ട് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് സച്ചിൻ പൈലറ്റ് മടങ്ങിയത്. ജോയ് മാത്യു അടക്കം നിരവധി പ്രമുഖരും ഇന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ദിവസവും ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധി പേരാണ് പുതുപ്പള്ളി, പള്ളിയിലേക്ക് എത്തിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമായിരുന്നു രാവിലെ മുതൽ തന്നെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി അദ്ദേഹത്തിന്‍റെ ആത്മ ശാന്തിക്കായി പ്രാർഥിച്ചത്.