ഗോകുലം കേരള താരത്തിന്‍റെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി - അമിനൗ ബൗബയുടെ വിരലില്‍ മോതിരം കുടുങ്ങി
🎬 Watch Now: Feature Video
Published : Nov 6, 2023, 1:46 PM IST
കോഴിക്കോട് : ഐലീഗ് (I-League) ക്ലബ് ഗോകുലം കേരള എഫ്‌സിയുടെ (Gokulam Kerala FC) പ്രധാന താരമായ അമിനൗ ബൗബയുടെ (Amino Bouba) കൈവിരലില്‍ കുടുങ്ങിയ മോതിരം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുറിച്ചെടുത്തു. ഞായറാഴ്‌ചയാണ് (നവംബര്‍ 5) സംഭവം. രാവിലെ 11 മണിയോടെ ആയിരുന്നു ബൗബ കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ എത്തിയത്. മോതിരം കുടുങ്ങിയ താരത്തിന്‍റെ വിരലിന് ചെറിയ വീക്കവുമുണ്ടായിരുന്നു. ഫയര്‍ സ്റ്റേഷനിലെത്തിയ താരം വിവരം അറിയിച്ചതോടെ ഉടനടി തന്നെ മോതിരം അഴിച്ചെടുക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. വിരലില്‍ നിന്നും മോതിരം അഴിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മോതിരം മുറിച്ചെടുക്കാന്‍ തീരുമാനിച്ചത്. പത്ത് മിനിറ്റുകൊണ്ടായിരുന്നു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ താരത്തിന് പരിക്കേല്‍ക്കാതെ കയ്യിലെ മോതിരം മുറിച്ചെടുത്തത്. ഫയർ സ്റ്റേഷൻ ഓഫിസർ എം കെ പ്രമോദ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ശിഹാബുദ്ദീൻ, ഫയർമാൻമാരായ ജിൻസ് ജോർജ്, സി പി ബിനീഷ്, അൻവർ സാജിദ്, എൻ സുഭാഷ്, ഹോം ഗാർഡുമാരായ വേലായുധൻ, റഹീസ് തുടങ്ങിയവർ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ വിരലില്‍ നിന്നും മോതിരം മുറിച്ചെടുത്തത്.