thumbnail

അനിൽ ആന്‍റണിയുടെ തീരുമാനം തെറ്റും അബദ്ധവുമാണെന്ന് കാലം തെളിയിക്കും: രമേശ് ചെന്നിത്തല

By

Published : Apr 6, 2023, 7:20 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം എടുത്ത തീരുമാനത്തോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. അനിൽ ആന്‍റണി ബിജെപിയില്‍ ചേർന്ന തീരുമാനം തെറ്റും അബദ്ധവുമാണെന്ന് കാലം തെളിയിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. 

അനിൽ ബിജെപിയിൽ ചേരുന്നത് കൊണ്ട് കേരളത്തിൽ ഒരു ചലനവും ഉണ്ടാകില്ല. ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ കഴിയും എന്നത് തെറ്റായ ധാരണയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അനിൽ ആൻ്റണിയുടെ തീരുമാനം അപക്വമാണ്. ഇത് കൊണ്ടൊന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ട. വർധിച്ച ആവേശത്തോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒരേ മനസ്സോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയെ അറിയാവുന്നവർ ആരും ഈ തീരുമാനമെടുക്കില്ല. അനിലിന്‍റെ ബിജെപി പ്രവേശനം പിതാവ് എ കെ ആന്‍റണിയെ ബാധിക്കില്ല. എ കെ ആന്‍റണിയുടെ പ്രതിച്ഛായക്ക് ഒരു മങ്ങലുമേൽക്കില്ല. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താനുള്ള കെണിയിലാണ് അനിൽ വീണിരിക്കുന്നത്. ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടം കോൺഗ്രസ് ശക്തിപ്പെടുത്തും. പോരാട്ടങ്ങൾക്ക് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ത്രിപുര കഴിഞ്ഞാൽ കേരളമാണെന്ന് പറയുന്ന നരേന്ദ്ര മോദി ഏത് ലോകത്താണെന്ന് അറിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു. അനിൽ ആന്‍റണിയുടെ തീരുമാനം എ കെ ആന്‍റണിക്ക് സ്വാഭാവികമായും വിഷമം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സ്ഥാപക ദിനമായ ഇന്നാണ് അനില്‍ ആന്‍റണിയുടെ പാർട്ടി പ്രവേശനം. ഉച്ചയ്ക്ക് രണ്ടരയോടെ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയ അനിൽ ആന്‍റണി മൂന്ന് മണിയോടെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസില്‍ എഐസിസി സോഷ്യല്‍ മീഡിയ കോഓർഡിനേറ്റർ, കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 

ബിജെപി രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നു എന്നും കോൺഗ്രസ് ഒരു കുടുംബത്തിനായി പ്രവർത്തിക്കുന്നു എന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. ആലോചിച്ച് എടുത്ത തീരുമാനമെന്നും അവസരം നല്‍കിയതിന് നന്ദിയെന്നും അനില്‍ കെ ആന്‍റണി പറഞ്ഞു. സ്ഥാനമാനങ്ങൾക്കായല്ല ബിജെപിയില്‍ ചേർന്നതെന്നും മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവർത്തിക്കുമെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് അനില്‍ കെ ആന്‍റണി ബിജെപി ദേശീയ ആസ്ഥാനത്ത് പറഞ്ഞു. 

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർക്ക് ഒപ്പമെത്തിയാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്.

വൈകാരികമായി എ കെ ആന്‍റണി: ബിജെപി അംഗത്വം എടുത്ത അനിൽ കെ ആന്‍റണിയുടെ തീരുമാനത്തോട് വൈകാരികമായാണ് എ കെ ആന്‍റണി പ്രതികരിച്ചത്. ബിജെപിയിൽ ചേരാനുള്ള മകന്‍റെ തീരുമാനം വേദനയുണ്ടാക്കി എന്നും അനിൽ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മരണം വരെ കോൺഗ്രസുകാരനായി തുടരുമെന്നും ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also read: 'അനിലിന്‍റെ തീരുമാനം വേദനാജനകം, മരണം വരെയും താൻ കോണ്‍ഗ്രസുകാരനായിരിക്കും'; വികാരാധീനനായി എ കെ ആന്‍റണി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.