'എന്‍റെ ഹര്‍ജികള്‍ പെട്ടിയിൽവച്ച് പൂട്ടി താക്കോലുമായി പോയി' ; മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല - പിണറായി വിജയന്‍

🎬 Watch Now: Feature Video

thumbnail

By

Published : May 4, 2023, 7:55 PM IST

എറണാകുളം : ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് എസ് മണികുമാറിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ജസ്‌റ്റിസ് എസ് മണികുമാറിനെതിരെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. ഹൈക്കോടതിയിലെ നിലവിലുള്ള പല ജഡ്‌ജിമാരോടും തനിക്ക് ബഹുമാനമുണ്ടെന്നും എന്നാൽ കഴിഞ്ഞ ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ തന്‍റെ ഹര്‍ജികള്‍ പരിഗണിക്കാതെ പെട്ടിയിൽ വെച്ച് പൂട്ടി താക്കോലുമായി പോയെന്നും ചെന്നിത്തല പരിഹസിച്ചു.

സ്‌പ്രിംഗ്‌ളര്‍ അഴിമതിക്കേസില്‍ നടപടിയില്ല: കൊവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യ ഡാറ്റ വിറ്റ് കാശാക്കിയ സ്‌പ്രിംഗ്‌ളര്‍ അഴിമതിയില്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയെങ്കിലും ആ കേസിൽ നടപടിയുണ്ടായില്ല. ഒരു ഘട്ടത്തിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് നന്നായി മുന്നോട്ട് കൊണ്ടുപോയെങ്കിലും അദ്ദേഹം മാറുകയും കേസ് അനന്തമായി നീളുകയുമായിരുന്നു. താൻ നൽകിയ എട്ടോ ഒമ്പതോ പൊതുതാല്‍പര്യമുള്ള കേസുകളിൽ ഒന്നിൽ പോലും അന്നത്തെ ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ നടപടി എടുത്തില്ല. 

അതെല്ലാം സർക്കാറിനെ സഹായിക്കാൻ വേണ്ടിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം നൽകാൻ പോകുന്നത്. യൂണിവേഴ്‌സിറ്റി കേസ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നന്നായി മുന്നോട്ടുകൊണ്ട് പോകുന്നതിനിടെ ഇടയ്ക്കുവച്ച് പരിഗണിക്കുന്ന ബഞ്ച് മാറ്റുകയായിരുന്നു. 

ഇത് കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇല്ലാത്തതാണ്. സധാരണ രീതിയിൽ ജഡ്‌ജിയെ മാറ്റുന്നതിനുള്ള  മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഇത്. എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാമെന്നും മുന്‍ പ്രതിപക്ഷനേതാവ് ചോദിച്ചു.

ഇതുകൊണ്ട് തന്നെയാണ് റിട്ടയർ ചെയ്‌ത ചീഫ് ജസ്‌റ്റിസിന് മുഖ്യമന്ത്രി വിരുന്ന് നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് തനിക്ക് ഉണ്ടായ വേദനാജനകമായ അനുഭവം ജനങ്ങളെ അറിയിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ മണ്ഡലത്തിലെ സ്‌കൂൾ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ മാത്രമാണ് നീതി കിട്ടിയത്.

തുറന്നുപറച്ചില്‍ ഏറെ വേദന ഉണ്ടായത് മൂലം : ഒരു വ്യക്തി നീതി നിഷേധിക്കപ്പെടുമ്പോൾ എത്തിച്ചേരുന്നത് കോടതിയിലാണ്. എന്നാൽ ഹൈക്കോടതിയിൽ നിന്നുണ്ടായ അനുഭവം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഏറെ വേദനയുണ്ടായതിനാലാണ് താൻ ഇത് തുറന്ന് പറയുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.