Puli Kali Swaraj Round Onam Celebration : സ്വരാജ് റൗണ്ടിൽ ആറാടി പുലിക്കൂട്ടം, പൂരാരവത്തോടെ ജനം ; വർണാഭം - തൃശൂർ ഓണാഘോഷം
🎬 Watch Now: Feature Video


Published : Sep 2, 2023, 10:11 AM IST
തൃശൂർ : പുലിച്ചുവടുകളും താളവുമായി തൃശൂർ സ്വരാജ് റൗണ്ടിനെ (Swaraj round) ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച് വര്‍ണാഭമായ പുലിക്കളി (Puli Kali). 51 പുലികൾ വീതമുള്ള അഞ്ച് സംഘങ്ങൾ നാടുവിറപ്പിക്കാൻ ചടയദിനത്തിൽ നഗരത്തിലിറങ്ങിയപ്പോൾ വിദേശികളുൾപ്പടെ ആയിരങ്ങളാണ് കാഴ്‌ചക്കാരായത്. ഓരോ സംഘത്തിനുമൊപ്പം 35 വീതം വാദ്യക്കാരും അണിനിരന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് (Onam Celebration) ഗംഭീരമായ പരിസമാപ്‌തി. ആനപ്പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ നിറങ്ങളിൽ നീരാടി നിരനിരയായി പുലികള്‍ എത്തിയപ്പോൾ തൃശൂരിനത് മറ്റൊരു പൂരമായി. ഇത്തവണയും പെൺപുലികൾ ചുവടുവച്ചിരുന്നു. ഇവർക്കൊപ്പം പുലി വീരന്മാരും കരിമ്പുലികളും കുട്ടിപ്പുലികളും കൂടി ചേർന്നപ്പോൾ ചിങ്ങച്ചൂടില്‍ തളരാത്ത പുലിക്കമ്പവുമായി ജനസാഗരവും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവരാണ് നഗരത്തിലിറങ്ങിയ പുലിക്കളി സംഘങ്ങൾ. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും പുരാണ കഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയായിരുന്നു ഓരോ ടീമും കാണികളെ വിസ്‌മയിപ്പിച്ചത്. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തംവച്ചതോടെ ജനക്കൂട്ടം പുലിയാരവങ്ങളിൽ മുഴുകി.