ആലുവ ബലാത്സംഗക്കൊല : വിധി നരാധമൻമാർക്കുള്ള മുന്നറിയിപ്പ്, മധുരം നൽകിയും പൂത്തിരികത്തിച്ചും ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങൾ - Asfak Alam death penalty
🎬 Watch Now: Feature Video
Published : Nov 15, 2023, 7:26 AM IST
എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Aluva Murder Case) പ്രതി അസ്‌ഫാക് ആലത്തെ മരണം വരെ തൂക്കി കൊല്ലാനുള്ള (Death Penalty) പോക്‌സോ കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങൾ (Public Response on Aluva murder verdict). കോടതി വളപ്പിൽ മധുരം വിതരണം ചെയ്‌തും പ്രോസികൂട്ടറെ പൊന്നാട അണിയിച്ച് ആശ്ലേഷിച്ചുമായിരുന്നു അമ്മമാരുടെ പ്രതികരണം. ആലുവയിൽ പ്രതി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ മാർക്കറ്റിൽ നാട്ടുകാർ പൂത്തിരികത്തിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി നാട്ടുകാർ പൊലീസുകാർക്ക് മധുരം വിതരണം ചെയ്‌തു. കോടതി വിധിയെ ഹാർദമായി സ്വാഗതം ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു. ആ കുട്ടിയോട് സമൂഹവും കോടതിയും നീതികാണിച്ചു. ഈ കേസിൽ സ്വന്തം കുട്ടി കൊല്ലപ്പെട്ട രീതിയിലാണ് സാക്ഷികൾ പ്രതികരിച്ചത്. ഈ കോടതി രാജ്യത്തിന് തന്നെ മാതൃകയാണ്. പ്രതി തൂക്കു കയറിൽ നിന്ന് രക്ഷപ്പെടാൻ പാടില്ല. പ്രതിയെ തൂക്കി കൊന്നാൽ മാത്രമേ ഇത് സമ്പൂർണ വിജയമാവുകയുള്ളൂ. ആലുവയിലെ ജനങ്ങൾ ആ കുടുംബത്തോടൊപ്പം നിൽക്കുകയായിരുന്നുവെന്നും പൊതുജനം പ്രതികരിച്ചു. ഞങ്ങളുടെ മക്കൾക്ക് സുരക്ഷിതത്വം ഇനി കിട്ടുമെന്ന് പ്രതീക്ഷിക്കുകയാണ്. വിധിയിൽ സന്തോഷം ഉണ്ടെന്നും എന്നാൽ എത്രയും പെട്ടന്ന് നടപ്പാക്കി കിട്ടണമെന്നുമാണ് വീട്ടമ്മമാരുടെ പ്രതികരണം. രണ്ടാമതായി ആലുവയിൽ നടന്ന പീഡനക്കേസിലും വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന നരാധമൻമാർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും അവർ പറഞ്ഞു. മകൾക്ക് നീതി ലഭിച്ചെന്നായിരുന്നു കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ കണ്ണീരോടെ പ്രതികരിച്ചത്. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നു. എല്ലാവർക്കും നന്ദി പറയുന്നതായി അവർ പറഞ്ഞു.