വഴിയരികില്‍ കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്ക് രാഷ്‌ട്രപതിയുടെ സ്‌നേഹ മധുരം - മാതാ അമൃതാനന്ദമയീ മഠം

🎬 Watch Now: Feature Video

thumbnail

By

Published : Mar 17, 2023, 6:12 PM IST

കൊല്ലം: ഇന്ത്യന്‍ രാഷ്‌ട്രപതിക്ക് ഇത്രയും ലാളിത്യമോ? ഇന്ന് കേരളം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. കേരള സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് കൊല്ലത്ത് എത്തിയതായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ജില്ലയിലെ കാര്യ പരിപാടികള്‍ കഴിഞ്ഞ് മടങ്ങവെയാണ് തന്നെക്കാണാനായി റോഡരികില്‍ കാത്ത് നിന്നിരുന്ന ആള്‍ക്കൂട്ടത്തെ രാഷ്‌ട്രപതി ശ്രദ്ധിച്ചത്. 

കരുനാഗപ്പള്ളി ശ്രായിക്കാട് ഹരിജൻ വെൽഫെയർ സ്‌കൂളിലെ വിദ്യാർഥികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാഷ്‌ട്രപതിയുടെ വാഹനം കുട്ടികള്‍ നിന്നിരുന്ന ഭാഗത്ത് നിര്‍ത്തി. വന്‍ സുരക്ഷയ്‌ക്ക് നടുവിലും വാഹനത്തില്‍ നിന്നിറങ്ങി തന്നെ അഭിവാദ്യം ചെയ്‌തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ രാഷ്‌ട്രപതി നടന്നു. 

കുട്ടികളുടെ ആവേശം കണ്ട് അവര്‍ക്ക് അരികിലെത്തിയ രാഷ്‌ട്രപതി എല്ലാവര്‍ക്കും കൈ കൊടുത്തു. കുശലാന്വേഷണത്തിന് ശേഷം കൈയില്‍ കരുതിയിരുന്ന ചോക്ലേറ്റും കുട്ടികള്‍ക്ക് നല്‍കി. മൂന്ന് മിനിറ്റോളം അവർക്കൊപ്പം ചെലവഴിച്ച ശേഷമായിരുന്നു രാഷ്‌ട്രപതിയുടെ മടക്കം. തങ്ങള്‍ക്ക് മധുരം നല്‍കി സ്‌നേഹ സംഭാഷണം നടത്തിയ രാജ്യത്തിന്‍റെ പ്രഥമ പൗരയോടുള്ള നന്ദിയറിയിക്കാനും വിദ്യാര്‍ഥികള്‍ മറന്നില്ല.

കേരള സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു കൊല്ലം മാതാ അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 9.35 നാണ് രാഷ്‌ട്രപതി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. കായംകുളത്തെ എൻടിപിസി മൈതാനത്തെ ഹെലിപാഡിൽ പറന്നിറങ്ങിയ രാഷ്‌ട്രപതിയെ ജില്ല കലക്‌ടര്‍ അഫ്‌സന പർവീൺ, ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.  

റോഡ് മാർഗം മഠത്തിൽ എത്തിയ ഇന്ത്യൻ പ്രസിഡന്‍റിനെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തിലകക്കുറി ചാർത്തി, പുഷ്‌പഹാരവും പൊന്നാടയുമണിയിച്ചാണ് പ്രസിഡന്‍റിനെ ആശ്രമത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന് ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്‌ച നടത്തി.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തി. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാൻ ആശ്രമത്തിലെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള ആറ് എംപിമാരുമായും രാഷ്‌ട്രപതി കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. ആശ്രമത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അമൃത സർവകലാശാല പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ് രാഷ്‌ട്രപതിയ്ക്കു വിശദീകരിച്ചു നൽകി. 10.10 ഓടെയായിരുന്നു ദ്രൗപതി മുർമുവിന്‍റെ മടക്കം. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നത്.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.