കാറിന് തീപിടിച്ചാൽ ഡോറുകൾ തനിയെ തുറക്കും; ഓട്ടോമാറ്റിക് അൺലോക്ക് സംവിധാനവുമായി വിദ്യാർഥികൾ - kerala news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18358212-thumbnail-16x9-dd.jpg)
കണ്ണൂർ: കാറിന് തീപിടിച്ചാൽ ഡോർ അൺലോക്കാകുന്ന ഓട്ടോമാറ്റിക് സംവിധാനവുമായി വിദ്യാർഥികൾ. കണ്ണൂർ പിലാത്തറ എംജിഎം പോളിടെക്‌നിക്കിലെ അവസാന വർഷ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർഥികളാണ് പുതിയ സങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പ്രൊജക്‌ട് വർക്കിൻ്റെ ഭാഗമായാണ് ഇവർ ഇങ്ങനെയൊരു സംവിധാനം തയ്യാറാക്കിയത്.
കണ്ണൂരിൽ കാറിനകത്ത് തീപിടിത്തമുണ്ടായി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദാരുണമായ സംഭവത്തെ തുടർന്നാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ഇവർ ചിന്തിച്ചത്. വാഹനത്തിന് തീ പിടിച്ചാൽ പുറത്ത് നിന്ന് ഡോർ തുറക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇതിനൊരു പ്രതിവിധി എന്ന നിലയിലാണ് പിലാത്തറ എംജിഎം പോളിടെക്‌നിക്ക് കോളജിലെ അവസാന വർഷ ഓട്ടോമൊബൈൽ എഞ്ചിനിയറിങ്ങ് വിദ്യാർഥികൾ ഓട്ടോമാറ്റിക് അൺലോക്ക് സംവിധാനം തയ്യാറാക്കിയത്.
കാറിനകത്ത് തീപിടിത്തമുണ്ടായാൽ ഹീറ്റ് സെൻസറുകൾ പ്രവർത്തനക്ഷമമാകുകയും ഡോർ അൺ ലോക്ക് ആവുകയും ചെയ്യുന്നതാണ് സംവിധാനം. ഇതോടൊപ്പം തന്നെ കാറിനകത്ത് സജ്ജീകരിച്ചിരിക്കുന്ന വാട്ടർ സ്പെയറുകളിൽ നിന്ന് വെളളം ചീറ്റി തീയണയ്ക്കുകയും ചെയ്യുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളജിലെ ഓട്ടോമൊബൈൽ വിഭാഗം മേധാവി പിവി ചന്ദ്രനും അധ്യാപകനായ അതുൽ ആനന്ദുമാണ് വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയത്.