വ്യാജ രേഖ ചമക്കല്‍: കരിന്തളം ഗവ.കോളജില്‍ അന്വേഷണവുമായി പൊലീസ്, അധികൃതരുടെ മൊഴിയെടുത്തു - കാസര്‍കോട് വാര്‍ത്തകള്‍
🎬 Watch Now: Feature Video
കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കെ വിദ്യ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലിയില്‍ പ്രവേശിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് നീലേശ്വരം പൊലീസ്. കോളജിലെത്തി അന്വേഷണം ആരംഭിച്ച പൊലീസ് കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ നിയമന രേഖകളും പൊലീസ് പരിശോധിച്ചു.
സംഭവത്തില്‍ കെ.വിദ്യക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് നീലേശ്വരം പൊലീസ് വിഷയത്തില്‍ അന്വേഷണവുമായെത്തിയത്. കോളജിലെ പരിശോധന മണിക്കൂറുകളോളം നീണ്ടു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അടക്കമുള്ള മുഴുവന്‍ കോളജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തി.
വിദ്യയ്‌ക്ക് കോളജില്‍ നിയമനം നേടാനായതില്‍ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നുകൂടി പൊലീസ് അന്വേഷിക്കും. അതേസമയം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ സമയമെടുക്കും.
കഴിഞ്ഞ മാസവും വ്യാജ രേഖ സമര്‍പ്പിച്ചു: ജോലിയില്‍ തുടരാന്‍ കഴിഞ്ഞ മാസവും കോളജില്‍ വിദ്യ വ്യാജ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ അഞ്ചാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല. 2022ല്‍ കോളജില്‍ വ്യാജ രേഖ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് രണ്ടാമതും വ്യാജ രേഖ നല്‍കിയ വിവരം പുറത്തറിയുന്നത്.
ജോലി തേടി ഒടുക്കം കുരുക്കിലായി: 2022-23 അക്കാദമിക് കാലയളവിലാണ് മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിദ്യ ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് അട്ടപ്പാടിയിലെ ഗവണ്‍മെന്‍റ് കോളജില്‍ വിദ്യ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ജോലിയ്‌ക്ക് ശ്രമിച്ചത്. രേഖയില്‍ ദുരൂഹത തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ അഗളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.