Padayappa Elephant: അരിക്കൊമ്പന് സ്റ്റൈലില്‍ പടയപ്പ; പെട്ടിക്കടകള്‍ തകര്‍ത്ത് ഭക്ഷണം മോഷ്ടിച്ചു
🎬 Watch Now: Feature Video
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടി എക്കോപോയിന്റില്‍ കാട്ടുകൊമ്പന് പടയപ്പ വഴിയോര കട തകർത്തു. ഇന്നലെ രത്രി ഒൻപത് മണിയോടെ എത്തിയ പടയപ്പ ഗണപതിയുടെ കട തകർത്ത് വില്പനക്ക് വച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് കാടുകയറിയത്. ഒരുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ റോഡിൽ ഇറങ്ങുന്നത്.
ഒരു മണിക്കൂറോളം വളരെ ശാന്തനായി നിന്നാണ് പടയപ്പ കടയിലെ ആഹാരസാധനങ്ങൾ റോഡിൽ വലിച്ചിട്ട് അകത്താക്കിയത്. ഈ സമയം അത്രയും റോഡിൽ ഗതാഗത തടസം നേരിടുകയും ചെയ്തു. ഇതുവഴി വാഹനത്തിൽ കടന്നുപോയ സ്വകാര്യ കമ്പനി ജീവനക്കാരൻ അമ്പാടിയും കൂട്ടരും ആണ് പടയപ്പയുടെ ദൃശ്യങ്ങൾ പകർത്തിയത്.
കഴിഞ്ഞ ദിവസം മറ്റൊരു കാട്ടാന ഈ മേഖലയിലിറങ്ങി വഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടയപ്പ ഇന്നലെ രാത്രിയോടെ മേഖലയിൽ ഇറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയിലെ ഫാക്ടറിയിലേക്ക് കൊളുന്ത് കയറ്റി പോയ ട്രാക്ടര്‍ പടയപ്പ തടഞ്ഞിരുന്നു.
ആന വാഹനം തടഞ്ഞയുടന്‍ ഡ്രൈവര്‍ ഇറങ്ങി ഓടിയതിന്റെയും ഭക്ഷണം അന്വേഷിച്ച് പടയപ്പ വാഹനത്തിന് ചുറ്റും നടക്കുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച പടയപ്പ പിന്നീട് കാടുകയറുകയായിരുന്നു.