Padayappa Attack Munnar: പടയപ്പ വീണ്ടുമിറങ്ങി, മൂന്നാറില്‍ കൃഷി നാശം
🎬 Watch Now: Feature Video
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ചെണ്ടുവരൈ തോട്ടം മേഖലയിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഏതാനും നാളുകളായി ചെണ്ടുവരൈ മേഖലയിൽ പടയപ്പ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ജനവാസ മേഖലയിൽ എത്തിയ പടയപ്പ രാത്രിയിലും അവിടത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ചെണ്ടുവരൈ ലോവർ ഡിവിഷൻ പാർവ്വതി അമ്മൻ ക്ഷേത്രത്തിന് സമീപമാണ് പടയപ്പ ആക്രമണം നടത്തിയത്. ബീൻസ്, കാബേജ്, വാഴ തുടങ്ങിയ കൃഷികൾ ആനയുടെ ആക്രമണത്തിൽ നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു റേഷൻ കടയ്ക്കും വെയ്റ്റിംഗ് ഷെഡിനും നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന കൃഷിയും കാട്ടാന നശിപ്പിച്ചിരുന്നു. അതിന് മുൻപ് അരുവിക്കാട്, എക്കോപോയിന്‍റ് ഭാഗങ്ങളിലായിരുന്നു കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും കാട്ടാന ചെണ്ടുവരൈ ഭാഗത്തേക്കെത്തുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ പ്രദേശത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍ കടക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പച്ചക്കറി കൃഷി കാട്ടാന നശിപ്പിയ്ക്കുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ കാട്ടാന സ്ഥിരമായി നിലയുറപ്പിയ്ക്കുന്നത് തോട്ടം തൊഴിലാളികളിൽ ആശങ്ക വർധിപ്പിയ്ക്കുന്നു.