Oommen Chandy | മഴ വകവയ്ക്കാതെ, ഇമചിമ്മാതെ വഴിനീളെ ജനം
🎬 Watch Now: Feature Video
പത്തനംതിട്ട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ടയിൽ അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. ബുധനാഴ്‌ച (ജൂലൈ 19) രാത്രി വൈകിയാണ് വിലാപ യാത്ര കൊല്ലത്തുനിന്ന് പത്തനംതിട്ട ജില്ല അതിര്‍ത്തിയായ ഏനാത്ത് എത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വഴിനീളെ ആള്‍സഞ്ചയമായിരുന്നു. കെപിസിസി, ഡിസിസി നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചു. അടൂർ കെഎസ്ആർടിസി ജംഗ്ഷനിലെത്തിയപ്പോള്‍ വന്‍ ജനാവലിയാണ് അന്തിമോപചാരമര്‍പ്പിക്കാനുണ്ടായിരുന്നത്. തുടര്‍ന്ന് പന്തളം ജംഗ്ഷൻ, തിരുവല്ല എന്നിവിടങ്ങളിലും ആയിരങ്ങള്‍ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമെത്തി. ഇന്നലെ (ജൂലൈ 19) രാവിലെ തലസ്ഥാനത്തെ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം കണ്ണീരണിഞ്ഞ് ജനക്കൂട്ടം കാത്തുനില്‍ക്കുകയാണ്. ആള്‍ത്തിരക്കേറിയതുമൂലം ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിരവധിയിടങ്ങളില്‍ മുന്നോട്ടുനീങ്ങാനാകാതെ കുടുങ്ങി. വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചങ്ങനാശ്ശേരി നഗരത്തിലാണ് ഇപ്പോഴുള്ളത്. വന്‍ ജനാവലിയാണ് ഇവിടെയും പ്രിയ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒത്തൂകൂടിയിരിക്കുന്നത്.