Oommen Chandy | '10 വർഷം മുൻപ് ശിവനന്ദയ്‌ക്ക് പുതുജീവൻ നൽകിയ ദൈവം' ; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ വിങ്ങി അടൂരിൽ ഒരു കുടുംബം
🎬 Watch Now: Feature Video
പത്തനംതിട്ട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്‍റെ തീരാസങ്കടത്തിലാണ് അടൂർ പൊങ്ങലടി ശിവശൈലം വീട്ടിൽ സജീവ് കുമാറും കുടുംബവും. തന്‍റെ മകൾ ശിവനന്ദയുടെ അപൂർവ രോഗത്തിന് ചികിത്സാസഹായം നൽകിയ ഉമ്മൻ ചാണ്ടി തങ്ങൾക്ക് ദൈവതുല്യനാണെന്ന് സജീവ് കുമാറും ഭാര്യ ബിജിതയും പ്രതികരിച്ചു. മകൾ ശിവനന്ദയ്‌ക്ക് ജന്മനാ ശരീരചർമ്മം ഊരി പോകുന്ന രോഗാവസ്ഥയായ എപ്പിഡെർമോളിസിസ് ബുള്ളോസയാണ്.
ഇപ്പോൾ 13 വയസുള്ള മകൾക്ക് മൂന്നര വയസുള്ളപ്പോൾ ആണ് അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി വഴി ചികിത്സയ്‌ക്കായി ഒരു ലക്ഷം രൂപ ധന സഹായം ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.
കേരളത്തിൽ ജനസമ്പർക്ക പരിപാടിയ്‌ക്ക് തുടക്കം കുറിച്ച മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഈ ചടങ്ങിലൂടെ നിരവധി പേർക്കാണ് സഹായഹസ്‌തം നീട്ടിയത്. ജില്ലകളിൽ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ ഉമ്മൻ ചാണ്ടി ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ പ്രശ്‌നങ്ങൾ കേട്ട്, കഴിയുന്ന പരിഹാര മാർഗങ്ങൾ നിർദേശിച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ ജനശ്രദ്ധ നേടിയ പരിപാടികൂടിയാണ് ജനസമ്പർക്കം.