'കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങള്‍ നിരവധിയുള്ള സംസ്ഥാനം'; കേരളത്തെ വാനോളം പുകഴ്‌ത്തി നിര്‍മല സീതാരാമന്‍
🎬 Watch Now: Feature Video
Published : Dec 16, 2023, 5:05 PM IST
കൊല്ലം: വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ബിരുദം സമ്മാനിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി കേരളത്തെ പ്രശംസിച്ചു. വിജ്ഞാന കേന്ദ്രമായ ഇവിടെ തന്നെ നിരവധി അവസരങ്ങള്‍ ഉണ്ടെന്നും അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിരവധി സ്റ്റാര്‍ട്‌അപ്പുകള്‍ കേരളത്തില്‍ വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഭാരതം മാറ്റത്തിന്‍റെ പാതയിലാണ്. മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. യുവജനങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുത്താനുമുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു. 17 ബിരുദ പ്രോഗ്രാമുകളിൽ 475 വിദ്യാർഥികളും 10 ബിരുദാനന്തര ബിരുദ വിഭാഗത്തിലെ 175 വിദ്യാർഥികളുമാണ് വിജയിച്ചത്. ബിഷപ്പ് പോൾ ആന്‍റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊഫസർ കെ.വി തോമസ് എന്നിവരും പങ്കെടുത്തു.