സ്വപ്‌നക്കെതിരായ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തു; കോടതിയില്‍ നേരിട്ടെത്തി എംവി ഗോവിന്ദന്‍ - അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് സംസാരിക്കുന്നു
🎬 Watch Now: Feature Video

കണ്ണൂര്‍: സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ പരാതി ഫയലിൽ സ്വീകരിച്ചു. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്‌തത്. പരിഗണിക്കുന്നത് മെയ് 20ലേക്ക് മാറ്റി.
അഡ്വ. നിക്കോളാസ് ജോസഫ് മുഖേന, തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ് എംവി ഗോവിന്ദൻ പരാതി നൽകിയത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സാജിദ് അണ്ടത്തോട് തച്ചന് മുന്‍പാകെ എംവി ഗോവിന്ദൻ ഹാജരായത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദൻ്റെ യശസ് കളങ്കപ്പെടുത്തുന്ന കള്ള പ്രചാരണമാണ് ഇരുവരും ചേർന്ന് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 50 വർഷത്തിലേറെയായി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്നയാളാണ് എംവി ഗോവിന്ദനെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വധഭീഷണി ഉണ്ടായതായും സ്വപ്‌നയുടെ ആരോപണം: സ്ഫോടനാത്മകമായ വിവരങ്ങൾ എന്ന് മുൻകൂട്ടി അറിയിച്ചാണ് സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവ് ചെയ്‌തത്. പറഞ്ഞ കാര്യങ്ങൾ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുകയും പ്രാധാന്യത്തോടെ വാർത്തയാകുകയും ചെയ്‌തു. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ അപകീർത്തിപ്പെടുത്തിക്കൊണ്ടാണ് ഫേസ്‌ബുക്ക് ലൈവ് ചെയ്‌തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും വിജേഷ് പിള്ള വഴി പണം വാഗ്‌ദാനം ചെയ്‌തു.
അനുസരിച്ചില്ലെങ്കിൽ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ലൈവിൽ സ്വപ്‌ന സുരേഷ് ആരോപണമുന്നയിച്ചത്. ഇക്കാര്യങ്ങൾ തീർത്തും കളവും അടിസ്ഥാനരഹിതവും സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് കോടതിയിൽ എംവി ഗോവിന്ദൻ മൊഴി നൽകി. സ്വപ്‌ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി സൃഷ്‌ടിച്ച തിരക്കഥയുടെ ഭാഗമാണ് ആരോപണങ്ങൾ. തൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ആരോപണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. എംവി ഗോവിന്ദൻ പണം വാഗ്‌ദാനം ചെയ്തെന്നോ ഭീഷണിപ്പെടുത്തിയെന്നോ താൻ പറഞ്ഞിട്ടില്ലെന്നും വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നുമാണ് സ്വപ്‌ന മറുപടി നൽകിയത്.
'അങ്ങേയറ്റം അപകീർത്തികരമായ പ്രസ്‌താവന': താൻ ഒരു ദൂതുമായി ആരെയും സമീപിച്ചിട്ടില്ലെന്നും എംവി ഗോവിന്ദനുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌നയുമായി ബിസിനസ് കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള നോട്ടിസിന് മറുപടി നൽകിയത്. അങ്ങേയറ്റം അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കും ഒഴിഞ്ഞുമാറാനാവില്ല. പരാതി സ്വീകരിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു. കേസ് മെയ് 20ന് പരിഗണിക്കാൻ മാറ്റിവച്ചതായി എംവി ഗോവിന്ദൻ്റെ അഭിഭാഷകൻ അഡ്വ. നിക്കോളാസ് ജോസഫ് പറഞ്ഞു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷും എംവി ഗോവിന്ദനൊപ്പം ഉണ്ടായിരുന്നു.