കണ്ണൂരിലെ ട്രെയിൻ തീവെപ്പ്; കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് എം കെ രാഘവൻ എംപി
🎬 Watch Now: Feature Video
കണ്ണൂർ: കണ്ണൂരിലെ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് എം കെ രാഘവൻ എംപി. എലത്തൂരിൽ ഉണ്ടായ കാല താമസം കണ്ണൂരിൽ ഉണ്ടാകരുതെന്നും, അതിനാൽ ഇക്കാര്യത്തിൽ എൻഐഎ കാര്യക്ഷമമായി അന്വേഷണം നടത്തണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ തീവച്ച ബോഗി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതി കയ്യിൽ ഉണ്ടായിട്ടും എലത്തൂരിൽ കേസ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായി. അന്വേഷണം എവിടെയും എത്തിയില്ല. ഈ നിമിഷം വരെ എൻഐഎക്ക് ആ കേസിനെപ്പറ്റി ഒന്നും പറയാൻ സാധിക്കുന്നില്ല. കണ്ണരിലെ സംഭവം ഒറ്റപ്പെട്ടതായി കാണാൻ സാധിക്കില്ല. വളരെ ഗൗരവമായ വിഷമായാണ്.
ഇത് ഒരു വ്യക്‌തി വിചാരിച്ചാൽ മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഇതിന് പിറകിൽ ഏതോ ഗൂഢ ശക്‌തി ഉണ്ടെന്നും ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നും എം കെ രാഘവൻ എംപി പറഞ്ഞു. കൂടാതെ വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾക്ക് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി 11:45ന് യാത്രയവസാനിപ്പിച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ബോഗിയിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്‍റെ അവസാന മൂന്ന് ബോഗികളിൽ തീ പടർന്നത്. ഇതിൽ ഒരെണ്ണം പൂർണമായി കത്തി നശിക്കുകയും ചെയ്‌തിരുന്നു. ഏപ്രില്‍ രണ്ടിന് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവെച്ച അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തം ഉണ്ടായത്.