സുരേന്ദ്രനും കുഞ്ചുവിനും പിന്നാലെ വിക്രമും സൂര്യനും മലയിറങ്ങി ; മടക്കം അരിക്കൊമ്പനെ സുരക്ഷിതമായ കൈകളിലേല്‍പ്പിച്ച് - വനംവകുപ്പ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18421864-thumbnail-16x9-vgfhjkl.jpg)
ഇടുക്കി : അരിക്കൊമ്പനെ സുരക്ഷിതമായി വരുതിയിലാക്കാന്‍ ദൗത്യസംഘത്തെ സഹായിച്ച കുങ്കിയാനകളായ വിക്രമും സൂര്യനും ചിന്നക്കനാലില്‍ നിന്ന് മടങ്ങി. ദൗത്യത്തിന്‍റെ ഭാഗമായിരുന്ന കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും കഴിഞ്ഞദിവസം വയനാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് കുങ്കിയാനകളുടെ മടക്കം.
വനം വകുപ്പിന്‍റെ ആനിമല്‍ ആംബുലന്‍സിലാണ് ആനകള്‍ മടങ്ങുന്നത്. കഴിഞ്ഞ ദിവസം കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും ഇതേ വാഹനങ്ങളിലാണ് കൊണ്ടുപോയത്. മാത്രമല്ല വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘവും മടങ്ങി. അതേസമയം ചിന്നക്കനാലുകാരുടെ ഹൃദയം കീഴടക്കിയാണ് കേരളത്തിന്‍റെ സ്വന്തം കുങ്കിയാനകള്‍ തിരികെ മടങ്ങുന്നത്. അരികൊമ്പന്‍ ദൗത്യത്തിനായി ഒന്നര മാസം മുന്‍പാണ് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്.
സംസ്ഥാന വനംവകുപ്പ് അടുത്തിടെ പൂര്‍ത്തീകരിച്ചതില്‍ ഏറ്റവും വെല്ലുവിളി നേരിട്ട ദൗത്യമായിരുന്നു ചിന്നക്കനാലിലേത്. 2017 ല്‍ അരിക്കൊമ്പനെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച സിമന്‍റ് പാലം മേഖലയില്‍ ആനയെ എത്തിച്ച് മയക്കുവെടിവയ്‌ക്കാനായതാണ് ദൗത്യവിജയത്തിന്‍റെ പ്രധാന കാരണം.