എസ്എഫ്ഐ ആൾമാറാട്ടം; 'ഉത്തരവാദിത്തം പ്രിന്‍സിപ്പലിന്, റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നടപടി':ആര്‍ ബിന്ദു
🎬 Watch Now: Feature Video
കാസർകോട്: കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് നടത്തിയ എസ്‌എഫ്‌ഐ ആള്‍മാറാട്ടത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സംഭവത്തില്‍ പ്രിന്‍സിപ്പലിനാണ് ഉത്തരവാദിത്തമെന്നും വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്നും അതിലെ വിശദാംശങ്ങള്‍ മനസിലാക്കിയതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച യുയുസി അനഘയെ മാറ്റി മത്സരിക്കാത്ത കാട്ടാക്കട എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് സർവകലാശാലക്ക് കൈമാറിയാണ് ഗുരുതര ക്രമക്കേട് നടന്നത്. വീഴ്‌ചയുണ്ടായെന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ നേരിട്ടെത്തി സർവകലാശാലയോട് സമ്മതിച്ചിരുന്നു. ശനിയാഴ്‌ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രശ്‌നം ചർച്ച ചെയ്യുമെന്നാണ് സൂചന.
തെരഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജിവച്ചതാണെങ്കിൽ രാജി കത്ത് അടക്കം ഹാജരാക്കാനാണ് നിർദേശം. അനഘ രാജിവ വച്ചെങ്കിലും പകരം എരിയ സെക്രട്ടറി എ വിശാഖിന്‍റെ പേര് തിരുകിക്കയറ്റിയതിൽ കൃത്യമായ ഒരു വിശദീകരണവും ഇതുവരെ പ്രിൻസിപ്പൽ നൽകിയിട്ടില്ല. അനഘ, വിശാഖ്, അടക്കം ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ആൾമാറാട്ടത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സർവകലാശാലക്കും പൊലീസ് അന്വേഷണം ആവശ്യപ്പെടാമെന്നിരിക്കെ അതും ഉണ്ടായിട്ടില്ല.