ഗാനമേള ട്രൂപ്പിന്‍റെ ഉദ്‌ഘാടനം, 'പാല പള്ളി തിരുപ്പള്ളി'യ്‌ക്ക് ചുവടുവെച്ച് മന്ത്രി ആര്‍ ബിന്ദു
🎬 Watch Now: Feature Video
കോട്ടയം: 'പാല പള്ളി തിരുപ്പള്ളി' എന്ന സിനിമ ഗാനത്തിന് ചുവടുവെച്ച് മന്ത്രി ആര്‍ ബിന്ദു. എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി / വയോജന അംഗങ്ങളെ ഉൾപ്പെടുത്തി 'മാജിക് വോയിസ്' എന്ന പേരില്‍ രൂപീകരിച്ച ഗാനമേള ട്രൂപ്പിന്‍റെ ഉദ്‌ഘാടന വേളയിലായിരുന്നു മന്ത്രി ആടിത്തിമിര്‍ത്തത്. ഇളങ്ങുളം തിരുഹൃദയഭവൻ, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികളും കന്യാസ്ത്രീകളും മന്ത്രിയുടെ നൃത്തത്തിനൊപ്പം ചേര്‍ന്നിരുന്നു.
ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും ഏത് പരിമിതികളിലും മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് ഗാനമേള ട്രൂപ്പ് എന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരായ കലാകാരന്മാരെ ഒരുമിപ്പിച്ച് നിര്‍ത്തിക്കൊണ്ടാണ് ട്രൂപ്പ് രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഷാജിയുടേയും കോ-ഓർഡിനേറ്ററും പഞ്ചായത്തംഗവുമായ മാത്യൂസ് പെരുമനങ്ങാടിന്‍റെയും ആശയമായിരുന്നു ഇത്തരത്തിലൊരു സംഘം.
തുടര്‍ന്ന് ഭിന്നശേഷിക്കാർക്ക് 2022 - 23 വർഷത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പിന് ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിച്ചു. മെയ് മാസത്തിന്‍റെ അവസാന ആഴ്‌ചകളില്‍ ഇവരുടെ പരിശീലന പരിപാടികള്‍ നടന്നു. തുടര്‍ന്നാണ് ഇന്നലെ (ജൂണ്‍ 30) സുനീഷ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഗാനമേള ട്രൂപ്പിന്‍റ ഉദ്‌ഘാടനം മന്ത്രി നിര്‍വഹിച്ചത്. നമ്മുടെ സമൂഹം ഭിന്നശേഷി സൗഹൃദമാവാനുള്ള പ്രവർത്തനങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കൂട്ടിച്ചേര്‍ത്തു.