'ജനകീയ ഹോട്ടലുകളുടെ സബ്‌സിഡിയിലേക്ക് 33.6 കോടി രൂപ കൂടി അനുവദിച്ചു'; മന്ത്രി എം ബി രാജേഷ് - ജനകീയ ഹോട്ടൽ തൊഴിലാളികൾ സമരത്തിൽ
🎬 Watch Now: Feature Video
Published : Nov 16, 2023, 9:02 AM IST
തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ സബ്‌സിഡിയിലേക്ക് 33.6 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് (Minister MB Rajesh On pending subsidy for janakeeya hotel). ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകാറുള്ള സബ്‌സിഡി ഒരു വർഷത്തോളമായി കുടിശ്ശികയായതിനെ തുടർന്ന് ജനകീയ ഹോട്ടൽ തൊഴിലാളികൾ പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാർ നടപടി. ജനകീയ ഹോട്ടലുകളെ സർക്കാർ സഹായിക്കുകയാണ് ചെയ്യുന്നതെന്നും 164.6 കോടി രൂപ സബ്‌സിടിയായി ആകെ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിസന്ധി കുറയുമെന്നാണ് കരുതുന്നത്. ജനകീയ ഹോട്ടലുകളുടെ സ്ഥലം വാടക, വൈദ്യുതി ചാർജ്, വെള്ളത്തിന്‍റെ ചാർജ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. കൂടാതെ 30,000 രൂപ വർക്കിങ് ഗ്രാന്‍റ് ആയി നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സബ്‌സിഡി ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നിന്നുള്ള കുടുംബശ്രീ തൊഴിലാളികൾ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. നിരവധി തൊഴിലാളികളാണ് കൃത്യമായി സബ്‌സിഡി ലഭിക്കാത്തതിനെ തുടർന്ന് ലക്ഷങ്ങളുടെ കടബാധ്യതയിലായത്. എന്നാൽ, മലപ്പുറം ജില്ലയിലെ കുടുംബശ്രീ തൊഴിലാളികളുടെ സമരത്തിന് പിന്നിലെ രാഷ്‌ട്രീയമെന്താണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മന്ത്രി പറഞ്ഞു.