Marijuana Caught From Dog Trainer നായ പരിശീലനത്തിന് മറവില്‍ കഞ്ചാവ് വില്‍പ്പന; യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - kerala news updates
🎬 Watch Now: Feature Video
Published : Sep 26, 2023, 11:16 AM IST
കോട്ടയം: നായ പരിശീലനത്തിന്‍റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുമാരനെല്ലൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന പറമ്പുഴ സ്വദേശി റോബിനായാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (സെപ്റ്റംബര്‍ 24) റോബിന്‍റെ വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. വീട്ടില്‍ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട റോബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നായകളെ പരിശീലിപ്പിക്കുന്നതിന് മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നായയെ പരിശീലിപ്പിക്കാനെന്ന വ്യജേന പ്രതിയെ സമീപിച്ച റിട്ടയേര്‍ഡ് എസ്‌ഐയുടെ നീക്കമാണ് പ്രതിയെ വലയിലാക്കിയത്. കഞ്ചാവ് വില്‍പ്പനയ്‌ക്ക് തടസമില്ലാതിരിക്കാന്‍ കാക്കി കണ്ടാല്‍ ആക്രമിക്കാന്‍ ഇയാള്‍ നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. വിദേശ ബ്രീഡില്‍പ്പെട്ട 11 നായകളെയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തുന്നത്. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയെങ്കിലും ഇയാള്‍ നായകളെ അഴിച്ച് വിടുകയാണുണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇയാള്‍ നായകളെ പരിശീലിപ്പിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. നായകള്‍ ശല്യമാകുന്നുവെന്ന് പരാതിപ്പെട്ട് അയല്‍വാസിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.