wild elephant attack | ജസ്റ്റ് മിസ്, അട്ടപ്പാടിയില്‍ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പൻ - ഇന്നത്തെ പ്രധാന വാര്‍ത്ത
🎬 Watch Now: Feature Video
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വനം വകുപ്പിന്‍റെ ആർ ആർ ടി വാഹനത്തിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പൻ. ചൊവ്വാഴ്‌ച രാത്രിയാണ് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ ആർ ആർ ടി സംഘമെത്തിയത്. ആർ ആർ ടി വാഹനത്തിൽ സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചും കാട്ടാനയെ തുരത്തുന്നതിനിടയിലാണ് കൊമ്പൻ പെട്ടന്ന് തിരിഞ്ഞ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്.
ഉടന്‍ വാഹനം പുറകോട്ടെടുത്തതിനാൽ ആനയുടെ ആക്രമണത്തില്‍ നിന്ന് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടു. ഷോളയൂരിൽ മാങ്ങാക്കൊമ്പൻ ജനവാസ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്.
അതേസമയം, പാലക്കാട് ജില്ലയില്‍ മാങ്ങാക്കൊമ്പനെങ്കില്‍ ഇടുക്കി ജില്ലയില്‍ ഭീതി വിതയ്‌ക്കുന്നത് ചക്കക്കൊമ്പനും പടയപ്പയുമാണ്. കഴിഞ്ഞ ദിവസം രണ്ട് കാട്ട് കൊമ്പന്‍മാര്‍ പരസ്‌പരം ഏറ്റമുട്ടുന്ന വീഡിയോ മൂന്നാറിന് സമീപമുള്ള കാന്തല്ലൂരില്‍ നിന്ന് പുറത്തുവന്നിരുന്നു. മറയൂര്‍ കാന്തല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കഴിഞ്ഞ ദിവസം കാട്ട് കൊമ്പന്മാര്‍ ഏറ്റുമുട്ടിയത്.
പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ അഞ്ചുനാടാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആറോളം കാട്ടാന കൂട്ടങ്ങള്‍ സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിൽ കൊമ്പന്മാർ കൊമ്പ് കോർക്കുന്നത് നിത്യസംഭവമാണെന്നാണ് വനപാലകർ പറയുന്നത്.