ഡോ. വന്ദനയുടെ കൊലപാതകം; സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരവുമായി മഹിള കോണ്‍ഗ്രസ് - mahila congress protest
🎬 Watch Now: Feature Video
തിരുവനന്തപുരം: ഡോ. വന്ദനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഉപവാസ സമരവുമായി മഹിള കോൺഗ്രസ്. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുന്നത്.
രാവിലെ ആറുമണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം 6 മണി വരെ തുടരും. മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു. ആശുപത്രി സംരക്ഷണം സംബന്ധിച്ച് സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമത്തിൽ സമഗ്രമായ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നത് ആത്മവീര്യം തകർക്കുന്നതാണ്. ഇത് ഇനിയും ആവർത്തിക്കാൻ പാടില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച വന്നിട്ടുണ്ട്. ഡോ. വന്ദനയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നും സുധീരൻ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ കഴിയാത്ത ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാണ് മഹിള കോൺഗ്രസിന്‍റെ ആവശ്യം. 'ജീവൻ രക്ഷിക്കുന്നവരുടെ ജീവൻ കാക്കാൻ' എന്നതാണ് സമരത്തിന്‍റെ മുദ്രാവാക്യം.