Rahul Gandhi| രാഹുല്‍ ഗാന്ധിക്കെതിരായ കേസ്; ഗുജറാത്തിലെ ഒരു കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് എം എം ഹസന്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
തിരുവനന്തപുരം: ഗുജറാത്തിലെ ഒരു കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ. ചരിത്രസത്യം പറഞ്ഞതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേസിൽ വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എം ഹസന്‍.
ഗുജറാത്ത് കോടതിയിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. ഗുജറാത്തിലെ എല്ലാ കേസുകളുടെയും അവസ്ഥ ഇതാണ്. മനുഷ്യാവകാശ പ്രവർത്തകയായ ടീസ്‌റ്റ സെതല്‍വാദിന്‍റെ അവസ്ഥ കണ്ടതാണ്.
ഗുജറാത്ത് ഹൈക്കോടതി നിഷേധിച്ച ജാമ്യം സുപ്രീം കോടതി ഫുൾ ബെഞ്ച് അവർക്ക് നൽകിയിരുന്നു. അതിനാൽ സുപ്രീം കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് നീതി കിട്ടുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് ജില്ല കോടതി വിധി മാര്‍ച്ച് 23നാണ് വന്നത്. രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. പുറമെ, എംപി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് മാര്‍ച്ച് 24നാണ് വിജ്ഞാപനമിറക്കിയത്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിച്ച പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധിയും പുറമെ ലോക്‌സഭ നടപടിയും വന്നത്. വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.