കനാൽ പൈപ്പിൽ കുടുങ്ങിയ പുള്ളിപ്പുലിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി
🎬 Watch Now: Feature Video
മൈസൂരു: കനാൽ പൈപ്പിൽ കുടുങ്ങിയ പുള്ളിപ്പുലിയ്‌ക്കും കുഞ്ഞിനും രക്ഷകരായി ടാസ്‌ക് ഫോഴ്‌സ്. ഭക്ഷണം തേടിയെത്തിയ പുള്ളിപ്പുലിയും കുട്ടിയുമാണ് മൈസൂർ ഇലവാല ഹോബ്ലി രാമനഹള്ളിയിലെ കനാൽ ജല പൈപ്പിൽ കുടുങ്ങിയത് (Leopard and its Cub Stuck in canal Pipeline Rescued). ഞായറാഴ്‌ച രാത്രി ആയിരുന്നു സംഭവം. കനാലിലേക്ക് വെള്ളം ഒഴുക്കാൻ സ്ഥാപിച്ച 300 മീറ്റർ നീളമുള്ള ഒഴിഞ്ഞ പൈപ്പിൽ പുലി കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ വനംവകുപ്പിൽ വിവരമറിയിച്ചു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിപ്പുലിയെ പിടികൂടുന്ന ഓപ്പറേഷൻ ടീമും എത്തിയാണ് പുലികളെ സുരക്ഷിതമായി പിടികൂടിയത്. വെറ്ററിനറി ഡോക്‌ടർമാരും സ്ഥലത്തെത്തിയിരുന്നു. ആരോഗ്യ പരിശോധനയ്‌ക്ക് ശേഷം പുള്ളിപ്പുലിയെയും കുഞ്ഞിനെയും വനത്തിലേക്ക് തുറന്നുവിട്ടു. കഴിഞ്ഞ വർഷം ഇതേ പൈപ്പിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി വനത്തിൽ വിട്ടയച്ചിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലുള്ളവർ കന്നുകാലി, ചെമ്മരിയാട്, ആട് എന്നിവയെ മേയ്‌ക്കാനായി ഈ പ്രദേശങ്ങളിൽ എത്താറുണ്ട്. ഈ മൃഗങ്ങളെ വേട്ടയാടാനായാണ് പുള്ളിപ്പുലി ഇവിടേക്ക് തുടർച്ചയായി എത്തുന്നതെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ ആർഎഫ്‌ഒ സുരേന്ദ്ര ഇടിവി ഭാരതിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഇതേ ഭാഗത്ത് രണ്ട് ആടുകളെ പുലി ആക്രമിച്ചിരുന്നുവെന്നും സമാനമായി ഇരതേടി ഇറങ്ങിയ പുലിയും കുഞ്ഞും പൈപ്പിനുള്ളിൽ കുടുങ്ങിയതാകാമെന്നും അദ്ദേഹം അറിയിച്ചു. എസിഎഫ് ലക്ഷ്‌മികാന്ത്, വെറ്ററിനറി ഡോ. മദൻ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.