ബെറിനാഗ്: ഉത്തരാഖണ്ഡിലെ ബെറിനാഗര്‍ പ്രദേശത്തെ മുസ്‌ലിം പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സ്വയം സേവാ സംഘിന്‍റെ (ആർഎസ്എസ്) നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിച്ചു. ഗണേഷ് ചൗക്കിൽ നിന്ന് ആരംഭിച്ച് ജിഐസി ഗ്രൗണ്ടിൽ സമാപിച്ച റാലിയിൽ യുവാക്കളും മുതിർന്നവരും ആർഎസ്എസ് പ്രവർത്തകരും ഉൾപ്പെടെയുള്ള പ്രദേശവാസികള്‍ പങ്കെടുത്തു. ഒരു പ്രത്യേക സമുദായവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് വർധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മസ്‌ജിദ് നീക്കം ചെയ്യണമെന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഈ വർഷം ആദ്യം ബെറിനാഗിലെ തർക്കഭൂമിയിലുള്ള മുസ്‌ലിം പള്ളിക്കെതിരെ ആർഎസ്എസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഇതിന് മറുപടിയായി ന്യൂനപക്ഷ സമുദായം സെപ്റ്റംബറിൽ നാല് വ്യക്തികൾക്കെതിരെ പരാതി നൽകി. ഇതേത്തുടർന്ന് ഒക്ടോബറിൽ 15 ദിവസത്തിനകം മസ്‌ജിദ് നീക്കം ചെയ്‌തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ് നൽകി. മസ്‌ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ഓഫിസിന് മുന്നിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനുപിന്നാലെ, ഷഹീദ് ചൗക്കിൽ കുത്തിയിരിപ്പ് സമരം നടത്താൻ ഭരണകൂടം അനുമതി നൽകിയില്ലെങ്കിലും, സെക്ഷൻ 163 പ്രകാരം ഗണേഷ് ചൗക്കിൽ നിന്ന് ജിഐസി ഗ്രൗണ്ടിലേക്ക് സമാധാനപരമായ റാലി നടത്താൻ ആര്‍എസ്‌എസിന് അനുമതി നല്‍കുകയായിരുന്നു. ശേഷം, 'തര്‍ക്കഭൂമിയിലെ മസ്‌ജിദ് നീക്കം ചെയ്യൂ' എന്ന മുദ്രാവാക്യം മുഴക്കി ആര്‍എസ്‌എസ് വൻ റാലി സംഘടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തിൽ ഇത് ആദ്യത്തെ പ്രതിഷേധമല്ലെന്ന് രാഷ്ട്രീയ സേവാ സംഘ് ദേശീയ പ്രസിഡന്‍റ് ഹിമാൻഷു ജോഷി പറഞ്ഞു. ബെറിനാഗ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി തവണ സമരം നടത്തിയെങ്കിലും കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പള്ളി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം നിലവിൽ കോടതിയിലാണെന്നും കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പ്രതിഷേധക്കാരെ ജില്ലാ ഭരണകൂട അധികൃതര്‍ അറിയിച്ചു. മസ്‌ജിദ് സീൽ ചെയ്യാൻ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും തുടർനടപടികളെക്കുറിച്ച് രേഖാമൂലം ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഉറച്ചുനിന്നു. അതേസമയം, ജില്ലാ ഭരണകൂട അധികൃതരും പൊലീസും ചേര്‍ന്ന് സമരം നടത്തിയവരുമായി ചര്‍ച്ച നടത്തി, വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പ് നല്‍കി.
Read Also: ഫാസ്‌റ്റ് ട്രാക്ക് വിസ നിർത്തി കാനഡ; ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടിയാകും