ബെംഗളൂരു: കർണാടകയിൽ ബെംഗളൂരു ആസ്ഥാനമായുള്ള അരിഹന്ത് ജ്വല്ലേഴ്‌സ് ഉടമ സുരേന്ദ്ര കുമാർ ജെയിനിന്‍റെ വസതിയിൽ നിന്നും സ്വർണാഭരണങ്ങളും പണവും സെക്യൂരിറ്റി ജീവനക്കാരൻ കവർന്നതായി പരാതി. 15.15 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ സ്വദേശിയായ നംരാജാണ് മോഷണം നടത്തിയതെന്ന് സുരേന്ദ്ര കുമാർ ജെയിൻ കൂട്ടിച്ചേർത്തു.
ആറ് മാസം മുമ്പാണ് നംരാജ് ജോലിയന്വേഷിച്ച് സുരേന്ദ്ര കുമാർ ജെയിനിന്‍റെ ജ്വല്ലറിയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നംരാജിന് സുരേന്ദ്ര കുമാർ ജെയിൻ ജ്വല്ലറിയിൽ ജോലി നൽകി. താമസ സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ വസതിയിൽ തന്നെ ഒരു മുറിയും നൽകിയിരുന്നു. സുരക്ഷാ ചുമതലയ്‌ക്കൊപ്പം പൂന്തോട്ടം നനയ്ക്കൽ പോലുള്ള ചെറിയ ജോലികളിലും നംരാജ് സഹായിച്ചിരുന്നതായി സുരേന്ദ്ര കുമാർ ജെയിൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സുരേന്ദ്ര കുമാർ ജെയിനും കുടുംബവും ഗുജറാത്തിലെ ഗിർനാരിയിലേക്ക് ഒരു മേള കാണാൻ പോയ സമയത്താണ് മോഷണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 'നവംബർ 1 മുതൽ താനും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. നവംബർ 7ന് മടങ്ങിയെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടതായി മനസിലായത്. ഏകദേശം 15.15 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കളാണ് മോഷണം പോയതെന്നും സുരേന്ദ്ര കുമാർ ജെയിൻ പൊലീസിനോട് പറഞ്ഞു.
സുരേന്ദ്ര കുമാർ ജെയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ബെംഗളൂരു വെസ്‌റ്റ് ഡിവിഷൻ ഡിസിപി എസ് ഗിരീഷും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. അതേസമയം ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടതായി കരുതുന്ന നംരാജിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.