മാർ ജോസഫ് പൗവത്തില്‍ പിതാവിന്‍റെ കബറടക്കം ബുധനാഴ്‌ച
🎬 Watch Now: Feature Video
കോട്ടയം: മാർ ജോസഫ് പൗവത്തില്‍ പിതാവിന്‍റെ കബറടക്കം ബുധനാഴ്‌ച നടക്കും. മാര്‍ച്ച് 22 രാവിലെ 10 മണിക്ക് ചങ്ങനാശേരി വലിയ പള്ളിയിൽ ആണ് കബറടക്കം നടക്കുന്നത്. ചങ്ങനാശേരിയിലെ ആശുപത്രിയോട് ചേർന്നുള്ള ചാപ്പലിൽ പ്രാർഥനകൾക്ക് ശേഷം ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിക്കും. പൊതു ദർശനം സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല.
ഇന്ന് ഉച്ചയ്‌ക്ക് 1.17നായിരുന്നു ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്‌തത്. ആത്‌മീയ കാര്യങ്ങളില്‍ തികഞ്ഞ പാണ്ഡിത്യവും നിലപാടുകളില്‍ കാര്‍ക്കശ്യവും വച്ചുപുലര്‍ത്തിയ ആളായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍. ബനഡിക് പതിനാറാമന്‍ മാര്‍പ്പാപ്പയോട് വലിയ സൗഹൃദം വച്ച് പുലര്‍ത്തിയ ആളാണ് അദ്ദേഹം. ആരാധന ക്രമത്തിലെ പരിഷ്‌കരണത്തിലും സ്വാശ്രയ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട നിലപാടുകളിലും കണിശത പുലര്‍ത്തി.
കാര്‍ഷിക വിഷയങ്ങളില്‍ തുറന്ന അഭിപ്രായങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തുമായിരുന്നു. കര്‍ഷക അനുകൂല നിലപാടുകളായിരുന്നു അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നത്. സിറോ മലബാര്‍ സഭ അതിന്‍റെ വ്യക്തിത്വം വീണ്ടെടുക്കുന്നത് അദ്ദേഹത്തിന്‍റെ കാലത്താണ് എന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് വേണ്ടിയുള്ള യുവദീപ്‌തി മാര്‍ ജോസഫ് പൗവത്തിലിന്‍റെ നേതൃത്വത്തിലാണ് രൂപികരിക്കുന്നത്. യുവദീപ്‌തിയാണ് പിന്നീട് കെസിവൈഎം ആയി വളര്‍ന്നത്