ആയിരം മാസങ്ങളുടെ പുണ്യവുമായി ഇന്ന് ഇരുപത്തിയേഴാം രാവ്

🎬 Watch Now: Feature Video

thumbnail

എറണാകുളം: ആത്മസംസ്ക്കരണത്തിന്‍റെയും സമർപ്പണത്തിന്‍റെയും 26 ദിനങ്ങൾ പിന്നിട്ട് ഇസ്‌ലാം മത വിശ്വാസികൾ ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ്. വ്രത വിശുദ്ധിയുടെ ദിന രാത്രികളിൽ ഏറ്റവും പുണ്യമേറിയത് ഇരുപത്തിയേഴാം രാവിനാണന്നാണ് വിശ്വാസം. വിമലീകരിക്കപ്പെട്ട മനസും ശരീരവുമായി ഇന്നത്തെ രാത്രി ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം തേടി വിശ്വാസികൾ പ്രാർഥന നിരതരാവും.  

ഇന്നത്തെ ഇഫ്ത്താറിന് (നോമ്പു തുറ) ശേഷം ഖുർആൻ പാരായണം, തസ്ബീഹ് നമസ്‌കാരം, തറാവീഹ് നമസ്ക്കാരം, വിത്റ് നിസ്‌കാരം, അസ്‌മാഉൽ ഹുസ്‌ന, തൗബ തുടങ്ങി നേരം പുലരുവോളമുള്ള പ്രാർഥന ചടങ്ങുകളാണ് മസ്‌ജിദുകളിലും വീടുകളിലുമായി നടക്കുക. ആരാധനാ കർമങ്ങൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ അഥവ നിർണയ രാവിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ഇന്നത്തെ രാത്രിക്കാണ്. ലൈലത്തുൽ ഖദ്ർ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന മുഹൂർത്തമാണ്.  

പുണ്യദിനം: ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏതു രാത്രിയാണന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ രാവുകളിൽ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ഇതിൽ തന്നെ കൂടുതൽ സാധ്യത റമദാൻ ഇരുപത്തിയേഴാം രാവിനാണ് കൽപിച്ചത്.  

ഇതു തന്നെയാണ് റമദാൻ ഇരുപത്തിയേഴാം രാവിന് വിശ്വസികൾ അമിത പ്രാധാന്യം നൽകുന്നതിന്‍റെ കാരണം. ഖുർആൻ അവതരണത്തിന്‍റെ വാർഷികാഘോഷം കൂടിയാണ് റമദാൻ മാസം. റമദാൻ മാസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടുവെന്നതാണ്.  

ലൈലത്തുൽ ഖദ്ർ രാത്രിയിലാണ് ഖുർആന്‍റെ അവതരണമെന്ന്‌ ഖുർആൻ സൂക്തങ്ങളിലും പരാമർശിക്കുന്നുണ്ട്. ഈ പുണ്യമേറിയ രാത്രിയിൽ നന്മയിൽ മുഴുകി ആത്മീയ വിജയം നേടാനുള്ള പ്രാർഥനയിലാണ് ഓരോ വിശ്വാസികളും. വിപുലമായ പ്രാർത്ഥന സംഗമങ്ങൾ പ്രധാന പള്ളികൾ കേന്ദ്രീകരിച്ച് നടക്കും.

പ്രാര്‍ഥന നിറവില്‍ വിശ്വാസികള്‍: മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേരുന്ന പ്രാർഥന സംഗമങ്ങളും ഇന്ന് നടക്കും. റമദാൻ ഇരുപത്തിയേഴ് പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങും. അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിച്ച് മുപ്പത് ദിനങ്ങളാണ് വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നത്.  

സംസാരവും പ്രവർത്തനങ്ങളും വികാര വിചാരങ്ങളും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച്, ആത്മാവിന്‍റെ സംസ്‌കരണം സാധ്യമാകുന്ന പരിശീലന പ്രകിയ കൂടിയാണ് വ്രതനാളുകൾ. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും പാവപ്പെട്ടവന്‍റെ വിശപ്പിന്‍റെ വിളിയാണ് ഓരോ മനുഷ്യനും റമദാൻ നൽകുന്നത്. ഇത് സഹജീവി സ്നേഹത്തിന്‍റെയും കരുണയുടെയും ചിന്തകൾ മനുഷ്യ മനസുകൾക്ക് പകർന്നുനൽകുന്നു.  

ഒരു വ്യക്തിയിൽ യാതൊരു പരിവർത്തനവും സൃഷ്‌ടിക്കാത്ത റമദാൻ കേവലം പട്ടിണി കിടക്കൽ മാത്രമായി അവശേഷിക്കുമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളാണ് വിശ്വാസികളെ ചിന്തിപ്പിക്കേണ്ടത്. കരിച്ചു കളയുന്നത് എന്ന് അർഥമുള്ള റമദാൻ എന്ന പദം സൂചിപ്പിക്കുന്നത് തന്നെ പാപമോചനത്തെയാണ്. കഠിനമായ പരിശ്രമത്തിലൂടെ ആത്മസംസ്‌കരണം നേടിയാൽ മാത്രമേ റമദാനിന്‍റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നത്.

റമദാനിലെ ആദ്യത്തെ പത്തുദിനങ്ങൾ അനുഗ്രഹത്തിന്‍റെ ദിനങ്ങളെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ സൃഷ്‌ടാവിന്‍റെ അനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാർഥനകളിലായിരുന്നു വിശ്വാസികൾ മുഴുകിയത്. രണ്ടാമത്തെ പത്തു ദിനങ്ങൾ പാപമോചനത്തിനായുള്ള പ്രാർഥനകളാണ് അവർ നടത്തിയത്. അവസാനത്തെ പത്തു ദിനങ്ങൾ നരക മോചനത്തിന് വേണ്ടിയുള്ളതായിരുന്നു.

വ്രതം അനുഷ്‌ഠിക്കലിന്‍റെ പ്രാധാന്യം: ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ കലണ്ടർ പ്രകാരമാണ് വ്രതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരോ വർഷവും വ്യത്യസ്ഥ കാലാവസ്ഥകളിൽ വ്രതമനുഷ്‌ഠിക്കാനുള്ള അവസരമാണ് നൽകുന്നത്. മുപ്പത്തിയാറ് വർഷം ജീവിക്കുന്ന ഒരാൾക്ക് എല്ലാ കാലാവസ്ഥയിലും വ്രതത്തെ അനുഭവിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്.  

സാമാന്യം ചൂടേറിയ കാലാവസ്ഥയിലൂടെയാണ് കേരളത്തിലെ ഇത്തവണത്തെ റമദാൻ കടന്നുപോകുന്നത്. റമദാനിലെ അവസാന ദിവസമാണ് ശരീരത്തിന്‍റെ സക്കാത്ത് എന്ന് അറിയപ്പെടുന്ന ഫിത്വർ സക്കാത്ത് അർഹരായവർക്ക് വിതരണം ചെയ്യുക. എല്ലാവർക്കും സുഭിക്ഷമായ ഈദ് ആഘോഷത്തിന് അവസരമൊരുക്കുകയാണ് ഇത്തരമൊരു നിർബന്ധ ദാനത്തിന്‍റെ താത്‌പര്യം. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.