പാലക്കാട് കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർക്ക് ദാരുണാന്ത്യം - പാലക്കാട്
🎬 Watch Now: Feature Video
പാലക്കാട് : കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു. പാലക്കാട് മംഗലംഡാം കരിങ്കയം പള്ളിക്ക് സമീപമാണ് സംഭവം. വക്കാല ആലമ്പള്ളം സ്വദേശി വിജിഷ സോണിയാണ് മരിച്ചത്.
രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്കാണ് കാട്ടുപന്നി ഇടിച്ചുകയറിയത്. ഓട്ടോറിക്ഷയിൽ നാല് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇവരുടെ പരിക്ക് നിസാരമാണ്. അഭയ അഭിലാഷ്, അനയ അഭിലാഷ്, ടോമിലിൻ എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം, ഈ മാസം മൂന്നിന് തൃശൂര്‍ തോളൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നിരുന്നു. കുന്നിൽ ചിരയങ്കണ്ടത്ത് ജോർജിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. അതിനെ കിണറ്റിൽ കണ്ടതോടെ പഞ്ചായത്ത് അധികൃതരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയച്ചു.
തുടർന്ന് പട്ടിക്കാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും പഞ്ചായത്ത് അധികാരികളുടെ നിർദേശ പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുകയുമായിരുന്നു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കൃഷിയിടങ്ങള്‍ ദിനംപ്രതി നശിപ്പിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.