Lorry Accident| ഓടികൊണ്ടിരിക്കെ ലോറിയുടെ ടയര്‍ ഊരിതെറിച്ച് വയോധിക മരിച്ച സംഭവം; റോഡില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ - അപകടം
🎬 Watch Now: Feature Video
കോഴിക്കോട്: ബൈപ്പാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന ടോറസ് ലോറികൾ അലക്ഷ്യമായും ഫിറ്റ്നസ് ഇല്ലാതെയും ഓടിക്കുന്നതിൽ കൊയിലാണ്ടിയിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും മോട്ടോർ വാഹനവകുപ്പിനും പൊലീസിനും കുലുക്കമില്ല. ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിതെറിച്ച് ദേഹത്തേക്ക് വന്നിടിച്ച് പരിക്കേറ്റ വയോധിക മരിച്ചതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരുതൂർ തെക്കെ മീത്തൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയാണ് (65) കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്‌ച (16.08.2023) ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്‌മീ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്. ബൈപ്പാസ് നിർമാണത്തിനായി അരിക്കുളത്തു നിന്നു മണ്ണുമായി വരികയായിരുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറിയാണ് അപകടം വരുത്തിയത്. ഓടികൊണ്ടിരിക്കെ ലോറിയുടെ ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു. അപകടം വരുത്തിവച്ച ലോറിയുടെ വലത് വശത്തെ ടയറും പിന്നാലെ ഊരിതെറിച്ചു. പൂക്കൾ പറിച്ച് ദേവാലയത്തിൽ നൽകി ജീവിക്കുകയായിരുന്നു മരണമടഞ്ഞ കല്യാണിക്കുട്ടി അമ്മ. അതേസമയം റോഡുപണിക്കെത്തിയ വഗാഡ് കമ്പനിയുടെ ടോറസ് ലോറികൾ വരുത്തിവച്ച ചെറുതും വലുതുമായ അപകടങ്ങളിൽ മൂന്ന് ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. ആഴ്‌ചകൾക്ക് മുമ്പ് മദ്യപിച്ച് ലോറി ഓടിച്ച് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് ഒരു ബൈക്കും വലിച്ചു കൊണ്ടു പോയ സംഭവത്തിന് പിന്നാലെയാണ് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ വഗാഡ് വണ്ടികൾ തടഞ്ഞു. കൊയിലാണ്ടി ബസ് സ്‌റ്റാന്‍ഡിന് മുൻവശത്താണ് വഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞത്. സുരക്ഷ മുൻകരുതലില്ലാതെ കരാർ ജോലി നടത്താൻ കമ്പനിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.