നെല്ല് സംഭരണം വൈകുന്നു; അപ്പർകുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകർ കടക്കെണിയിൽ
🎬 Watch Now: Feature Video
കോട്ടയം: വിരിപ്പ് കൃഷിയുടെ നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് കർഷകർ കടക്കെണിയിൽ (Kottayam Thiruvarpp Farmers crisis). അപ്പർകുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകരാണ് ഇതേ തുടർന്ന് ദുരിതത്തിൽ ആയിരിക്കുന്നത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയോളമായിട്ടും സംഭരിക്കാൻ ആളില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. തിരുവാർപ്പ് മേഖലയിലെ തട്ടാരുക്കാട്, മണലടി, പാറേക്കാട് പാടശേഖരത്തിൽ മാത്രമായി 350ലധികം ഏക്കറിൽ നിന്നും കൊയ്‌തെടുത്ത നെല്ല് എടുക്കുവാൻ സപ്ലൈകോ തയ്യാറായിട്ടില്ല. ഇവിടുത്തെ പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസത്തോളമായി. ലോറിയിലും തലചുമടായുമാണ് നെല്ല് പാടത്ത് നിന്നും കയറ്റി റോഡിൽ എത്തിച്ചത്. 5000 മുതൽ 6000 രൂപ വരെയാണ് പാടത്ത് നിന്ന് നെല്ല് കരയ്‌ക്ക് എത്തിക്കാനായി ഇവർക്ക് ചെലവായത്. നെല്ല് കരയ്ക്ക് എത്തിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും എടുക്കാനാളില്ല. നെല്ല് എടുക്കാൻ സപ്ലൈകോ മില്ലുകളെ ഏർപ്പെടുത്തിയിട്ടില്ല എന്നാണ് കർഷകർ പറയുന്നത്. ഒരു ക്വിന്‍റലിന് 7 കിലോ വരെ കിഴിവ് ഇടനിലക്കാർ ആവശ്യപ്പെടാറുണ്ടെന്നും കർഷകർ പറയുന്നു. ദിവസങ്ങളായി വഴിയോരത്ത് നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. തുലാമഴയിൽ നെല്ല് ഒരുപാട് നാൾ സൂക്ഷിക്കാൻ ആവില്ല. വെള്ളം നനഞ്ഞ് നെല്ല് നശിച്ചാൽ കർഷകന് ഭീമമായ നഷ്‌ടമാണ് ഉണ്ടാകുക. അതിനാൽ എത്രയും വേഗം നെല്ല് സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Also read: 'സര്‍ക്കാരിന്‍റെ ക്രൂരമായ അവഗണനയുടെ അവസാന ഉദാഹരണം' ; പ്രസാദിന്‍റെ ആത്മഹത്യയില്‍ വി.ഡി സതീശൻ