ട്രോളിങ് നിരോധനത്തിന് വിട; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികള്‍
🎬 Watch Now: Feature Video
കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ(ഓഗസ്റ്റ് 1) മുതൽ യന്ത്രവത്‌കൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറങ്ങും. ഇത്തവണ കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മത്സ്യലഭ്യതയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
എങ്കിലും പ്രതീക്ഷ കൈവിടാതെ കടൽ കനിയുമെന്ന വിശ്വാസത്തോടെയാണ് അവർ ദിവസങ്ങൾ തള്ളി നീക്കിയത്. 52 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യാനങ്ങൾ കടലിറങ്ങാൻ തയ്യാറെടുക്കുന്നത്. പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ കാത്തിരിപ്പിലായിരുന്നു. മുഖം മിനുക്കിയും കേടുപാടുകൾ തീർത്തും ബോട്ടുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇവയിൽ ഐസുകൾ നിറച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ന് അർധരാത്രിയോടെ തന്നെ ബോട്ടുകളിൽ ആദ്യ സംഘം മീൻ പിടിക്കാനിറങ്ങും.
ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4,500 രൂപയുടെ സമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതിൽ പരാതി ഉയർന്നിരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ അന്യസംസ്ഥാന തൊഴിലാളികൾ എത്തിത്തുടങ്ങി. ബോട്ടുകളെ എല്ലാം അറ്റകുറ്റപണി നടത്തി പ്രതീഷയോടെ കടലമ്മയുടെ കനിവ് തേടി തിരകൾ മറികടന്ന് പോകാനുള്ള ഒരുക്കത്തിലാണ്.