യുയുസി ലിസ്‌റ്റിലെ ആള്‍മാറാട്ടം : വോട്ടര്‍പട്ടികയും അഫിലിയേഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു - കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
🎬 Watch Now: Feature Video
തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ടറല്‍ റോൾ റദ്ദാക്കണമെന്നും കാട്ടാക്കട ക്രിസ്ത്യൻ കോളജിന്‍റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു. തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ എസ്‌എഫ്ഐ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെഎസ്‌യു നേതാക്കൾ. ആൾമാറാട്ടം നടത്തിയവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കൃത്രിമം നടത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും കെഎസ്‌യു നേതാവും സെനറ്റ് മെമ്പറുമായ ആസിഫ് പ്രതികരിച്ചു.
യൂണിവേഴ്‌സിറ്റി പുറത്തുവിട്ട യുയുസി ലിസ്‌റ്റിൽ തെരഞ്ഞെടുപ്പ് നടന്ന എല്ലാ കോളജുകളിലെയും യുയുസിമാരെ എസ്എഫ്ഐ അല്ല എന്ന കാരണത്താൽ ഉൾപ്പെടുത്തിയില്ലെന്നും പുതിയ ലിസ്‌റ്റ് അവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തുവിടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്എഫ്ഐ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന രജിസ്ട്രാറാണ് സർവകലാശാലയിലുള്ളതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഈ വരുന്ന 26ന് നടക്കാനിരുന്ന കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്ന് നൽകിയ യുയുസിമാരുടെ ലിസ്‌റ്റിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം ഏരിയ സെക്രട്ടറി വിശാഖ് എത്തിയത്. വിവരം പുറത്തുവന്നതോടെയുള്ള പ്രതിഷേധത്തോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും വിശാഖിനെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്താക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നറിയിച്ച് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകുകയും കേരള യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ മാർച്ച് സംഘർഷത്തിലാണ് അവസാനിച്ചത്.