K Vidya response| 'താനും കുടുംബവും അനുഭവിച്ചത് വലിയ മാനസിക പ്രയാസം, നടന്നത് രാഷ്‌ട്രീയ അജണ്ട'; കെ വിദ്യ - വ്യാജരേഖ നിർമിക്കൽ
🎬 Watch Now: Feature Video
കാസർകോട്: ഒരു മാസമായി താനും കുടുംബവും അനുഭവിച്ചത് വലിയ മാനസിക പ്രയാസമെന്ന് കെ വിദ്യ. നടന്നത് മാധ്യമ രാഷ്ട്രീയ അജണ്ടയാണെന്നും താനാവട്ടെ ഇതിന്‍റെ അവസാനത്തെ ഇരയെന്നും വിദ്യ പറഞ്ഞു. കരിന്തളം ഗവ കോളജിൽ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ ഹോസ്‌ദുര്‍ഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ വിദ്യ.
നീതിന്യായ വ്യവസ്ഥയിൽ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് വിദ്യയുടെ അഭിഭാഷകന്‍ സെബിന്‍ സെബാസ്‌റ്റ്യനും പ്രതികരിച്ചു. വിദ്യ നേരിട്ടത് ക്രൂരമായ മാധ്യമ വേട്ടയാണ്. കോടതിയിൽ നിന്നും നീതി ലഭിച്ചുവെന്നും രാഷ്ട്രീയലക്ഷ്യം ആണ് കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ നിർമിക്കൽ ( IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന (IPC 420) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കരിന്തളം ഗവണ്‍മെന്‍റ് കോളജിൽ ജോലിക്കായി കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ മറികടക്കാനെന്ന മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശി കെ രസിതയ്ക്കായിരുന്നു.