tapioca | 10.3 കിലോഗ്രാം, ഇത് പഴയന്നൂരിലെ പികെ മോഹൻ ദാസിന്‍റെ 'സുമോ കപ്പ'
തൃശൂര്‍: പഴയന്നൂർ പന്നികുഴി വീട്ടിൽ പികെ മോഹൻ ദാസിന്‍റെ കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ കപ്പ കിഴങ്ങ് കൗതുക കാഴ്‌ചയാകുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത് നൽകിയ 'സുമോ കപ്പയെന്ന്' വിളിക്കുന്ന ഇനത്തിലാണ് ഭീമൻ കപ്പ കിഴങ്ങ് ലഭിച്ചത്. 10.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ കപ്പക്കിഴങ്ങ് ഇപ്പോൾ നാട്ടുകാർ കൗതുകമാണ്.
വീട്ടാവശ്യത്തിനുള്ള നെല്ല്, പച്ചക്കറി, പഴങ്ങൾ എന്നിവ സ്വന്തമായി ജൈവ കൃഷി ചെയ്‌തുവരികയാണ് മോഹൻദാസ്. പഴയന്നൂർ കൃഷിഭവനിൽ നിന്നും സുഹൃത്തുക്കളായ മറ്റു കർഷകരിൽ നിന്നും ശേഖരിക്കുന്ന വിത്തുകളും ചെടികളും പുരയിടത്തിൽ നട്ടുപിടിപ്പിക്കും.
കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയിടത്തിൽ അഞ്ച് സെന്‍റ് സ്ഥലത്ത് നിർമ്മിച്ച കുളത്തിൽ മീൻ വളർത്തലുമുണ്ട്. കൃഷി ആവശ്യത്തിനുള്ള വെള്ളം ഈ കുളത്തിൽ നിന്നു തന്നെയാണ്. ആട്ടിൻ കാഷ്‌ടവും ചാണകവുമാണ് കൂടുതലായി കൃഷിയ്‌ക്ക് ആവശ്യമായ വളത്തിന് ഉപയോഗിക്കുന്നത്.
പഴയന്നൂർ പഞ്ചായത്തിലെ നീർണമുക്ക് പാടശേഖരസമിതി പ്രസിഡന്‍റ് ഐഎൻടിയുസി ചേലക്കര റീജിയണൽ പ്രസിഡന്‍റ്, നീർണമുക്ക് നെല്ല് ഉത്പാദക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ ചുമതലകളും പികെ മോഹന്‍ദാസ് വഹിക്കുന്നുണ്ട്.