ആട്ടിന്‍കുട്ടിയെ വിഴുങ്ങാനെത്തി പെരുമ്പാമ്പ്, കര്‍ഷകന്‍ ബഹളംവച്ചതോടെ ഒളിച്ചു ; ഒടുവില്‍ പിടികൂടിയതോടെ സെല്‍ഫിയെടുക്കാന്‍ തിരക്ക് - പാമ്പ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18534627-thumbnail-16x9-sdfghjkl.jpg)
മാണ്ഡ്യ (കര്‍ണാടക) : മഡ്ഡൂര്‍ താലൂക്കിലെ ചമനഹള്ളി ഗ്രാമത്തില്‍ ഷിംഷ നദിക്ക് സമീപത്തുവച്ച് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. പാമ്പുപിടിത്തത്തില്‍ വിദഗ്‌ധനായ ചാമനഹള്ളി രവിയുടെ സഹായത്തോടെ സുരക്ഷിതമായാണ് ഇതിനെ പിടികൂടിയത്. പ്രദേശത്തുനിന്ന് ആട്ടിന്‍കുട്ടിയെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിനെ പിടികൂടുന്നത്.
ബുധനാഴ്‌ച വൈകുന്നേരത്തോടെ ആടുകളെ മേയ്ക്കുന്ന കർഷകനായ തഗദയ്യയെയാണ് പെരുമ്പാമ്പിനെ കാണുന്നത്. ഈ സമയം 14 അടി നീളവും ഏതാണ്ട് 45 കിലോയിലധികം ഭാരവും തോന്നിക്കുന്ന പാമ്പ് ആട്ടിന്‍കുട്ടിയെ വിഴുങ്ങുന്നതിനായി അടുക്കുകയായിരുന്നു. പാമ്പിനെ കണ്ടതോടെ ആളുകളെ വിളിച്ചുകൂട്ടി ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ തഗദയ്യ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ നിലവിളി കേട്ടതോടെ പാമ്പ് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു.
ഈ സമയം തഗദയ്യയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പുപിടിത്തത്തില്‍ വിദഗ്‌ധനായ ചാമനഹള്ളി രവിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രവി ഏകദേശം അരമണിക്കൂര്‍ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. എന്നാല്‍ ഈ വിവരം അറിഞ്ഞതോടെ സ്ഥലത്തേക്ക് കുട്ടികള്‍ ഉള്‍പ്പടെ കൂടുതല്‍ പ്രദേശവാസികളെത്തി. പെരുമ്പാമ്പിനെ ഒരുനോക്ക് കാണുകയും അതിനൊപ്പം നിന്ന് സെല്‍ഫി പകര്‍ത്തുകയുമായിരുന്നു തടിച്ചുകൂടിയവരുടെ പ്രധാന ഉദ്ദേശം. അതേസമയം പിടികൂടിയ പെരുമ്പാമ്പിനെ ഷിംഷ നദി തീരത്ത് സുരക്ഷിതമായി തുറന്നുവിട്ടു.