Blue Whale Washed Ashore| കടലോളം മഴ, കരക്കടിഞ്ഞ് കൂറ്റന്‍ നീല തിമിംഗലം: കാണാൻ ആൾക്കൂട്ടം - അമരാവതി പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍റെ അഭാവത്തില്‍ ആന്ധ്രപ്രദേശില്‍ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്. നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാവിധം ഉയര്‍ന്നു. അണക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞതോടെ സര്‍ക്കാര്‍ അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടു. കനത്ത മഴയും കാറ്റും കാരണം കടലും പ്രക്ഷുബ്‌ദമാണ്. കരയില്‍ മഴയും കാറ്റും അധികരിക്കുമ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി ദുരിതങ്ങളുണ്ട്. അത്തരത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ കടല്‍ ക്ഷോഭം ഉണ്ടാകുമ്പോള്‍ കടല്‍ ജീവികളും ഏറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആന്ധ്രയിലെ ശ്രീകാകുളം സ്വദേശികള്‍. കടല്‍ പ്രക്ഷുബ്‌ദമായതിനെ തുടര്‍ന്ന് കൂറ്റന്‍ നീല തിമിംഗലം കരക്കടിഞ്ഞു. മേഘവാരം ഡി മറുവാട ബീച്ചില്‍ ഇന്നലെയാണ് (ജൂലൈ 27) തിമിംഗലം കരക്കടിഞ്ഞത്. ഏകദേശം 24 അടി നീളവും ഏകദേശം മൂന്നര ടണ്‍ ഭാരവുമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. കടലിലെ തിരക്കൊപ്പം തീരത്തെത്തിയ തിമിംഗലം ചത്തിട്ടുണ്ട്. തിമിംഗലം കരയ്‌ക്കടിഞ്ഞുവെന്ന വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധി പേരാണ് തീരത്തെത്തിയത്. കഴിഞ്ഞ ഒരാഴ്‌ചയായി കടല്‍ പ്രക്ഷുബ്‌ദമാണെന്നും അതാകാം തിമിംഗലം ചാവാന്‍ കാരണമായതെന്നും ചത്തതിന് പിന്നാലെയാകാം തിരക്കൊപ്പം തിമിംഗലം കരക്കടിഞ്ഞതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.