ബസിന് മുന്നിലെ സിഐടിയു കൊടി ; 'അടി കിട്ടിയത് കോടതിയുടെ മുഖത്ത്', ഉടമക്കെതിരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

🎬 Watch Now: Feature Video

thumbnail

By

Published : Jul 10, 2023, 8:25 PM IST

കോട്ടയം : തിരുവാര്‍പ്പില്‍ സിഐടിയു കൊടി കുത്തിയ ബസിന് മുന്നില്‍ പ്രതിഷേധിച്ച ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ കോട്ടയം ജില്ല പൊലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫിസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി പറഞ്ഞു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. കോടതിക്ക് മുന്നിലും ലേബർ ഓഫിസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുകയെന്നും കോടതി പറഞ്ഞു.

അതറിയുന്നത് കൊണ്ടാണ്  പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി. നാടകമാണ് നടന്നതെന്നും ഒന്ന് തല്ലിക്കോയെന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി വിമര്‍ശിച്ചു. 

വിഷയത്തില്‍ പൊലീസ് നാടകം കളിച്ചതാണോയെന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടി വന്നാല്‍ കോടതിയെ സമീപിച്ചിട്ട് പോലും നീതി ലഭിച്ചില്ലെന്ന തോന്നല്‍ പരാതിക്കാരനില്‍ ഉണ്ടാകും. ആ അടി കിട്ടിയത് ബസ് ഉടമയ്‌ക്കല്ലെന്നും കോടതിയുടെ മുഖത്താണെന്നും ഹൈക്കോടതി പറഞ്ഞു.  

എന്നാല്‍ ബസ് ഉടമയ്‌ക്കെതിരെയുള്ള ആക്രമണം പെട്ടെന്നായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കേസില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായോയെന്നും അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേയെന്നും കോടതി ചോദിച്ചു. കേസ് ജൂലൈ 18ന് വീണ്ടും പരിഗണിക്കും. 

കുമരകം എസ്എച്ച്ഒയും ഡിവൈഎസ്‌പിയും സത്യവാങ്മൂലം നൽകണം. അന്ന് ഇരുവരും വീണ്ടും കോടതിയില്‍ ഹാജരാവണം. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി ?, അതിൽ എന്ത് അന്വേഷണം നടത്തി എന്നും കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമെന്ന് ബസ് ഉടമ : കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ സമീപിച്ച തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് തിരുവാര്‍പ്പിലെ ബസ് ഉടമയായ രാജ്‌ മോഹന്‍. തന്നെ ആക്രമിച്ച സിഐടിയു നേതാവ് അധോലോക നായകന്മാരെ പോലെ മന്ത്രിക്കൊപ്പം നടക്കുന്നുവെന്നും ഇയാള്‍ക്കെതിരെ പാര്‍ട്ടി യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും  രാജ്‌ മോഹന്‍ പറഞ്ഞു. 

തന്നെ അക്രമിച്ചവരുടെ സംഘടന വളരെ ശക്തമാണ്. കേസില്‍ കോടതി വിധിയുണ്ടായിട്ടും പൊലീസ് അറച്ചും മടിച്ചും നിന്നത് എന്തിനാണെന്ന് അന്വേഷിക്കണം. തന്നെ ആക്രമിച്ച പ്രാദേശിക ജനപ്രതിനിധിയായ അയാള്‍ രാജിവയ്‌ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം കാണിക്കണം. വിഷയവുമായി ബന്ധപ്പെട്ടുള്ള അന്തിമ കോടതി വിധിയില്‍ പ്രതീക്ഷയുണ്ടെന്നും രാജ്‌മോഹന്‍ പറഞ്ഞു. 

also read: തിരുവാര്‍പ്പില്‍ ബസിന് നേരെയുള്ള സിഐടിയു സമരം; ഇടപെട്ട് ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

തിരുവാര്‍പ്പില്‍ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയതിനെതിരെ സമരം നടത്തിയതിനാണ് ബസ് ഉടമയെ സിഐടിയു നേതാവ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെയും ഇയാള്‍ മര്‍ദിച്ചിരുന്നു. ബസ് ഓടിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ രാജ്‌ മോഹന്‍ കോടതിയെ സമീപിച്ചിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇത് നിലനില്‍ക്കെയാണ് രാജ്‌മോഹന് നേരെ ആക്രമണം ഉണ്ടായത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.