'വന്നത് പൊലീസായി', വീട്ടിലെത്തി സ്വര്‍ണവും പണവും വാഹനവും കവന്നതായി പരാതി - യുവതിയുടെ പരാതി
🎬 Watch Now: Feature Video
മലപ്പുറം: പൊലീസെന്ന് പറഞ്ഞ് ഭർത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം പണവും ആഭരണവും തിരിച്ചറിയല്‍ രേഖയും എടുത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കടന്നു കളഞ്ഞതായി യുവതിയുടെ പരാതി. പത്തിരിയാൽ ചക്കരാട്ടകുന്ന് കുഴിപ്പള്ളി വീട്ടിൽ അലിയുടെ ഭാര്യ നസീറയാണ് മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ എഡിഎസ് ചെയർപേഴ്‌സണ്‍ ആണ് നസീറ.
ജോലി ആവശ്യത്തിനായി ഭര്‍ത്താവ് കര്‍ണാടകയില്‍ പോയ സമയത്തായിരുന്നു സംഭവം. മാര്‍ച്ച് 15ന് പുലർച്ചെ അഞ്ച് മണിയോടുകൂടി പൊലീസ് ആണെന്ന് പറഞ്ഞെത്തിയ അപരിചിതരായ അഞ്ചു പേർ ഭർത്താവിനെ അന്വേഷിച്ച് അനുവാദമില്ലാതെ വിടിനകത്തുകയറി പരിശോധന നടത്തുകയായിരുന്നു എന്ന് നസീറ പറഞ്ഞു. മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് സ്വര്‍ണ മാലയും 50,000 രൂപയും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കൈക്കലാക്കി.
വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും എടുത്താണ് സംഘം കടന്നു കളഞ്ഞത്. മാര്‍ച്ച് 14ന് രാത്രി 10.30 ഓടെ വീടിന് തൊട്ടടുത്തുള്ള ഒരാളെ അന്വേഷിച്ച് ഒരു അപരിചിതന്‍ എത്തിയിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം വെളുപ്പിന് ഇയാള്‍ നസീറയുടെ ഭര്‍ത്താവിനെ അന്വേഷിച്ചും വീട്ടിലെത്തി. ഇയാള്‍ക്ക് പിന്നാലെ സംഘത്തിലെ ബാക്കിയുള്ളവരും എത്തുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് നസീറ പറഞ്ഞു.