'ഞാന്‍ റബർ സ്റ്റാംപല്ല'; ബില്ലുകളില്‍ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍
🎬 Watch Now: Feature Video
Published : Nov 14, 2023, 7:57 AM IST
തിരുവനന്തപുരം: താൻ റബർ സ്റ്റാംപ് അല്ലെന്നും നിയമസഭ പാസാക്കിയ ബില്ലുകളിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരണം നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan). ഗവർണറുടെ വസതിയിലേക്ക് കർഷകർ മാർച്ച് നടത്തണമെന്നും എന്തിനും ഒരു അതിരു വേണമെന്നും നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി ഇന്നലെ കോട്ടയത്ത് പ്രതികരിച്ചിരുന്നു (Governor response in Land Reform Bill). ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ബില്ലിൽ ഒപ്പിടില്ലെന്ന് താൻ പറഞ്ഞിട്ടില്ല. സർക്കാരിൻ്റേത് സമ്മർദതന്ത്രമാണ്. രാജ്ഭവനിലേക്ക് വേണമെങ്കിൽ മാർച്ച് നടത്തട്ടെ. അത് അക്രമത്തിൻ്റെ ഭാഷയാണെന്നും ഗവർണർ പറഞ്ഞു. അതേസമയം ഗവർണർ അധിക ചെലവ് സർക്കാരിനോട് ആവശ്യപ്പെട്ടെന്ന വാർത്തയിൽ രാജ്ഭവനും സർക്കാരുമായി കത്തിടപാട് നടന്നു കാണുമെന്നും താൻ ഒപ്പിട്ട് അയച്ച ഒരു കത്തു പോലും കാണിക്കാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി. ചരിത്ര പ്രാധാന്യമുള്ളതാണ് രാജ്ഭവൻ. അറ്റകുറ്റപ്പണി തനിക്കാണ് അസൗകര്യം സൃഷ്‌ടിക്കുന്നത്. ഗസ്റ്റ് ഹൗസിലേക്ക് മാറേണ്ടി വരും. അതിൻ്റെ അറ്റകുറ്റപ്പണി സർക്കാർ ചെയ്യേണ്ടതാണ്. അവർക്ക് അക്രമത്തിൻ്റെ ഭാഷയേ അറിയാവൂ. ഈ സമ്മർദ തന്ത്രം തൻ്റെയടുത്ത് വിലപ്പോകില്ലെന്നും ഗവർണർ പറഞ്ഞു.