'ജീവിതം സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുത്തണം' ; ഈദ് സന്ദേശവുമായി ആരിഫ് മുഹമ്മദ് ഖാൻ - Arif Mohammad Khan
🎬 Watch Now: Feature Video
കൊല്ലം : സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുന്ന രീതിയിലാകണം നമ്മുടെ ജീവിതമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച ഈദ് നമസ്‌കാരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലഫി ഈദ് ഗാഹ് കമ്മിറ്റിയും കേരള നദ്‍വത്തുൽ മുജാഹിദ്ദീന്‍ കൊല്ലം ജില്ല കമ്മിറ്റിയും ചേർന്നായിരുന്നു കൊല്ലം ബീച്ചിൽ ഈദ് ഗാഹ് ഒരുക്കിയത്.
7.30 ഓടെയാണ് കേരളീയ വേഷമണിഞ്ഞ് ഗവർണർ കൊല്ലം ബീച്ചിലെ ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയത്. നമസ്‌കാരത്തിന് നേതൃത്വം നൽകിയ മുഷ്‌താഖ് അഹമ്മദ് സ്വലാഹിയുടെ പ്രഭാഷണം ഉടനീളം ശ്രവിച്ച ഗവർണർ, ചടങ്ങിൽ ചെറിയപെരുന്നാൾ ആശംസകളും നേർന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിതം സമൂഹത്തിന് നന്മയും സ്നേഹവും സന്തോഷവും പകർന്നുനൽകുന്നതാകണമെന്നും അദ്ദേഹം ആശംസിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഈദ് നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. എലത്തൂർ തീവയ്‌പ്പ് കേസിൽ പ്രതി സ്ഥാനത്ത് മുസ്‌ലിം പേര് വന്നത് ദുഃഖകരമാണെന്ന് പറഞ്ഞ അദ്ദേഹം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതല്ല ഇസ്‌ലാമിക സമീപനമെന്നും ഈദ് സന്ദേശത്തിൽ വ്യക്‌തമാക്കി.