സംസ്ഥാന ഫലത്തിനും രക്ഷയില്ല, പാഴ്‌വാക്കായി സര്‍ക്കാര്‍ പ്രഖ്യാപനം ; സംഭരണം നടക്കാത്തതിനാല്‍ ചക്കവീണ് കൃഷി നശിക്കുന്നു

🎬 Watch Now: Feature Video

thumbnail

By

Published : Aug 7, 2023, 10:03 AM IST

ഇടുക്കി:സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്ക സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. ഇതോടെ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് സംരക്ഷിച്ചുപോന്നിരുന്ന ചക്ക വീണ് കൃഷി വ്യാപകമായി നശിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് ഇടുക്കിയിലെ കർഷകർ. മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് ചക്ക സംഭരിക്കാൻ എത്തിയിരുന്നവരും ഇത്തവണ എത്താതായതോടെ സംസ്ഥാന ഫലം ഇടുക്കിയിലെ കർഷകർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള, ഇടുക്കിയിൽ നിന്ന് ചക്ക സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതനുസരിച്ച് കിലോയ്ക്ക് 6 രൂപ വരെ കർഷകന് ലഭിക്കുമെന്നും അറിയിച്ചിരുന്നു. ചക്ക സംഭരണത്തിനും വിപണനത്തിനും 75 ലക്ഷം രൂപ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാൽ ചക്ക സംഭരണം മാത്രം നടന്നില്ലെന്നാണ് പരാതി. ഹൈറേഞ്ചിലെ കൃഷിയിടങ്ങളിൽ വ്യാപകമായി പ്ലാവുകൾ ഉണ്ട്. മഴക്കാലമായാൽ വീണ് കീഴെയുള്ള കൃഷി നശിക്കുന്നത് മൂലം കർഷകർ ചക്ക ഉണ്ടാകുമ്പോൾ തന്നെ, അത് വെട്ടി കളയാറാണ് പതിവ്. എന്നാൽ സർക്കാർ ചക്ക സംഭരിക്കുമെന്ന് അറിയിച്ചതിനെതുടർന്ന് കർഷകർ വെട്ടിക്കളയാതെ സംരക്ഷിച്ചുപോരുകയായിരുന്നു. മുമ്പ് തമിഴ്‌നാട്ടിൽ നിന്നടക്കം ആളുകൾ എത്തി, ചക്ക കർഷകരിൽ നിന്നും തുച്ഛമായ വിലയ്ക്ക്‌ ശേഖരിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ ഇത്തവണ അവരുടെ വരവ് കുറഞ്ഞു. സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതല്ലാതെ ചക്കയിൽ നിന്ന് മൂല്യ വർധിത ഉത്‌പന്നങ്ങൾ ഉത്‌പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ യാതൊരുവിധ പ്രോത്സാഹനവും നൽകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.