യേശു ദേവന്‍റെ ത്യാഗ സ്‌മരണയില്‍ ഇന്ന് ദുഃഖവെള്ളി; സന്ദേശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
🎬 Watch Now: Feature Video
ഇടുക്കി: ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രാർഥനകളും ശുശ്രൂഷകളും നടന്നു. അതിനു ശേഷം വിശ്വാസികൾ കുരിശിന്‍റെ വഴിയില്‍ പങ്കെടുത്തു. യേശു മരണത്തിന് വിധിക്കപ്പെട്ട ശേഷം പീലാത്തോസിന്‍റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികൾ അനുസ്‌മരിക്കുന്നത്. അമ്പതു നോമ്പിന് ഒടുവിലെത്തിയ വിശുദ്ധവാരത്തിലെ പ്രധാന ദിവസങ്ങളിലേക്ക് വിശ്വാസി സമൂഹം പ്രവേശിച്ചു കഴിഞ്ഞു. ഏപ്രില്‍ ഒമ്പതിനാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുക. അതേസമയം വിശ്വാസികള്‍ക്ക് ദുഃഖവെള്ളി സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്‌തുവിന്‍റെ ചിന്തകള്‍ മനുഷ്യരെ പ്രചോദിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. 'ഇന്ന് ദുഃഖവെള്ളി, കർത്താവായ ക്രിസ്‌തു അനുഭവിച്ച ത്യാഗത്തിന്‍റെ ചൈതന്യത്തെ നാം ഓർക്കുന്നു. അവൻ വേദനയും കഷ്‌ടപ്പാടും സഹിച്ചു. പക്ഷേ സ്‌നേഹത്തിന്‍റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. കർത്താവായ ക്രിസ്‌തുവിന്‍റെ ചിന്തകൾ ആളുകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കട്ടെ', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.