VIDEO | ബെംഗളൂരുവിൽ മഴയിൽ ഒലിച്ചുപോയത് കോടികളുടെ സ്വർണാഭരണങ്ങൾ - gold jewellery shop
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18572484-thumbnail-16x9-ddd.jpg)
ബെംഗളൂരു : രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ബെംഗളൂരു നഗരത്തിലെ ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ ഒലിച്ചുപോയി. മല്ലേശ്വരത്ത് ഒമ്പതാം ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ നിന്നാണ് വെള്ളം കയറിയതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്‌ടമായത്. മാലിന്യത്തോടൊപ്പം വെള്ളം ഇരച്ചുകയറിയതിനാൽ കടയുടെ ഷട്ടറുകൾ അടയ്ക്കാൻ ജീവനക്കാർക്ക് കഴിയാത്തതാണ് വലിയ നാശനഷ്‌ടങ്ങൾക്ക് വഴിവച്ചത്.
ജ്വല്ലറിയുടെ സമീപത്ത് നടക്കുന്ന പ്രവർത്തിയെ തുടർന്നാണ് കടയിലേക്ക് മഴവെള്ളം ഇരച്ചെത്താൻ കാരണമായതെന്ന് കടയുടമ പ്രിയ ആരോപിച്ചു. 'കടയിലെ സ്വർണാഭരണങ്ങൾ നനഞ്ഞ നിലയിലാണ്. ഞങ്ങൾ കോർപ്പറേഷനിൽ വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ഉദ്യോഗസ്ഥർ ആരും തന്നെ സഹായത്തിനെത്തിയില്ല. ഞങ്ങളുടെ 80% ആഭരണങ്ങളും നഷ്‌ടപ്പെട്ടു. രണ്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ മഴ വെള്ളത്തിൽ ഒലിച്ചുപോയി', നിഹാൻ ജ്വല്ലറി ഉടമ പ്രിയ പറഞ്ഞു.
രണ്ട് ദിവസമായി മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇവ ഫലപ്രദമായി സംസ്‌കരിക്കാനുള്ള തീവ്രശ്രമത്തിലാണ് നഗരസഭാ ജീവനക്കാർ. പല പ്രധാന റോഡുകളും കുഴികളായി മാറിയിട്ടുണ്ട്. മരം വീണതുമായി ബന്ധപ്പെട്ട് 600ലധികം പരാതികളാണ് ബിബിഎംപിക്ക് ലഭിച്ചിട്ടുളളത്. മഹാലക്ഷ്‌മി ലേഔട്ടിൽ മാത്രം ഇരുപതിലധികം വീടുകളിൽ വെള്ളം കയറിയതായാണ് വിവരം.
ഇന്നലെയും കനത്ത മഴ: ഇലക്‌ട്രോണിക് സിറ്റിയിൽ തിങ്കളാഴ്‌ചയും കനത്ത മഴ തുടർന്നു. വൈകിട്ട് ആറരയോടെ തുടങ്ങിയ ആലിപ്പഴത്തോടെയുള്ള മഴ അരമണിക്കൂറിലേറെ നീണ്ടു. ഇതുമൂലം റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളം കുത്തിയൊഴുകി റോഡ് ഗതാഗതം തടസപ്പെട്ടതോടെ വാഹനയാത്രക്കാർ ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
400ലധികം മരങ്ങൾ നിലംപൊത്തി: മഴയിൽ ബെംഗളൂരു നഗരത്തിൽ 400ലധികം മരങ്ങളാണ് കടപുഴകി വീണത്. 1600 ലധികം മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു റോഡിൽ വീണിട്ടുണ്ട്. ഇതുമൂലം വാഹനഗതാഗതവും തടസ്സപ്പെട്ടു. കബ്ബൺ പാർക്കിൽ മാത്രം അമ്പതിലധികം മരങ്ങൾ നിലംപൊത്തി.
അഞ്ച് ദിവസത്തേക്ക് മഴ തുടരും: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉപരിതല ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയും മിന്നലും ആലിപ്പഴ വർഷവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.